Shilpa Shetty : ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന് ഇങ്ങനെ ഒരു ഗുണം കൂടിയുണ്ട്; പോസ്റ്റ് പങ്കുവച്ച് ശില്‍പ ഷെട്ടി

By Web TeamFirst Published Dec 1, 2021, 4:50 PM IST
Highlights

ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ശില്‍പ പങ്കുവയ്ക്കുന്നത്. അമേരിക്കന്‍ ജേണലായ ക്ലിനിക്കല്‍ ന്യൂട്രീഷന്‍റെ ക്വോട്ട് ആണ് ശില്‍പ കാ മന്ത്ര എന്ന ഹാഷ്ടാഗോടെ താരം പങ്കുവച്ചത്.

ബോളിവുഡില്‍ പുതുമുഖ നടിമാർക്ക് വെല്ലുവിളിയായി ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരമാണ് ശില്‍പ ഷെട്ടി (Shilpa Shetty). ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്റെ (food) കാര്യത്തിലും ശില്‍പയ്ക്ക് ചില ചിട്ടകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ താരം ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞദിവസം ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. 

ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ശില്‍പ പങ്കുവയ്ക്കുന്നത്. അമേരിക്കന്‍ ജേണലായ ക്ലിനിക്കല്‍ ന്യൂട്രീഷന്റെ ക്വോട്ട് ആണ് ശില്‍പ കാ മന്ത്ര എന്ന ഹാഷ്ടാഗോടെ താരം പങ്കുവച്ചത്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് 12 ശതമാനം കുറവ് കലോറി കഴിക്കാന്‍ സഹായിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.

'ശരിയായി കഴിക്കണമെന്ന് പറയുന്നത് കൊണ്ട് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണമെന്നോ മിതമായ അളവില്‍ കഴിക്കണമെന്നോ മാത്രമല്ല. എപ്പോള്‍, എന്ത്, എങ്ങനെ കഴിക്കുന്നു എന്നതും അതില്‍ ഉള്‍പ്പെടുന്നു. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കൂ. ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ആമാശയത്തിലേയ്ക്കും ദഹനവ്യവസ്ഥയിലേക്കുമുള്ള രക്തചംക്രമണം വര്‍ധിപ്പിക്കും' - ശില്‍പ കുറിച്ചു. 

'നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നന്ദിയോടെ ആസ്വദിക്കൂ, നിങ്ങളുടെ ശരീരം തിരികെ നന്ദി പറയും. എന്താണോ നിങ്ങള്‍ അകത്തേയ്ക്ക് കഴിക്കുന്നത് അതായിരിക്കും നിങ്ങളുടെ  പുറത്ത് പ്രതിഫലിക്കുക' - ശില്‍പ പറയുന്നു. 

 

Also Read: ഈ പാനീയങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായി​ക്കും

click me!