
രുചിവൈവിധ്യങ്ങളുടെ നാടാണ് ( Indian Food ) ഇന്ത്യ. ഇവിടെ തെരുവുകളില്‍ ലഭ്യമായ വിഭവങ്ങളും പാനീയങ്ങളും തന്നെ ( Street Food) നിരവധിയാണ്. യാത്രികരായ ആളുകളുടെ ഒരു പ്രധാന ആകര്‍ഷണം കൂടിയാണ് ഇത്തരം തെരുവോര ഭക്ഷണശാലകളും ചെറിയ സ്റ്റാളുകളും.
വിവിധ തരം പൂരികള്‍, ചാട്ടുകള്‍, സമൂസ, ബജി തുടങ്ങ പല വിഭവങ്ങളും 'സ്ട്രീറ്റ് ഫുഡ്' സ്റ്റാളുകളിലെ താരങ്ങളാണ്. ഇതിനൊപ്പം തന്നെയാണ് ചായയിലെയും കാപ്പിയിലെയും 'വറൈറ്റി'കളും.
സാധാരണഗതിയില്‍ നാം ചായയും കാപ്പിയും തയ്യാറാക്കുന്നതിന് ഒരു രീതിയുണ്ട്. എന്നാല്‍ പുതുമയ്ക്ക് വേണ്ടി കച്ചവടക്കാര്‍ ഈ പരമ്പരാഗത രീതിയിലെല്ലാം പരീക്ഷണങ്ങള്‍ ചെയ്തുനോക്കാറുണ്ട്. ഇവയില്‍ പലതും പ്രാദേശികമായി വമ്പന്‍ വിജയങ്ങളും ആകാറുണ്ട്.
അത്തരത്തില്‍ കാപ്പിയില്‍ പരീക്ഷണം നടത്തുന്നൊരു തെരുവ് കച്ചവടക്കാരന്റെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണപ്രേമികളുടെ ശ്രദ്ധ നേടുന്നത്. കുക്കര്‍ ഉപയോഗിച്ചാണ് ഇദ്ദേഹം കാപ്പി തയ്യാറാക്കുന്നത്. അതും പ്രത്യേകമായി സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ.
ഗ്വാളിയാറില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന. സൈക്കിളുപയോഗിച്ച് തെരുവില്‍ കാപ്പി വില്‍ക്കുന്നയാളാണ് ഈ കച്ചവടക്കാരന്‍. കുക്കറില്‍ നിന്ന് പുറത്തേക്ക് പ്രത്യേകമായി പൈപ്പ് സജ്ജീകരിച്ച് മെഷീന്‍ കാപ്പി പോലെ കാപ്പി പതപ്പിച്ചെടുക്കുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ഇത് എങ്ങനെയാണെന്ന് മനസിലാകാന്‍ വീഡിയോ കണ്ടേ പറ്റൂ.
എന്തായാലും ഏറെ പുതുമകളുള്ള ഈ പരീക്ഷണത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നതെന്ന് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാക്കാം. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് കാപ്പി വാങ്ങി കഴിക്കുന്നത്. വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഈ സമയത്തിനുള്ളില്‍ കണ്ടിരിക്കുന്നത്. പലരും കൗതുകത്തോടെ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
Also Read:- 'എന്തൊരു എരിവാണ്'! സ്പൈസി ഗോൽഗപ്പ കഴിക്കുന്ന വീഡിയോ പങ്കുവച്ച് ഫുഡ് വ്ളോഗർ