ഇഞ്ചിയുടെ തൊലി കളയാന്‍ ഒരു 'ഈസി ടെക്‌നിക്'...

By Web TeamFirst Published Jul 9, 2020, 8:49 PM IST
Highlights

പീലര്‍ കൊണ്ട് തൊലി കളയാവുന്ന പരുവത്തിലല്ല, ഇഞ്ചിയുടെ ഘടന. കത്തി കൊണ്ട് ചെയ്താലോ തൊലിക്കൊപ്പം തന്നെ ധാരാളം കാമ്പും ചെത്തിപ്പോരുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയായി ഇഞ്ചി തൊലി കളഞ്ഞെടുക്കാന്‍ ഒരു സൂത്രമുണ്ടെങ്കിലോ!

ഇഞ്ചി വാങ്ങിക്കാത്ത വീടുകള്‍ കാണില്ല. അത്രമാത്രം അവശ്യം വേണ്ട ഒരു ഘടകമാണ് ഇഞ്ചി. അത് പാചകത്തിനായാലും ശരി, അല്ലെങ്കില്‍ 'ഹെര്‍ബല്‍ ടീ' പോലുള്ള ആവശ്യങ്ങള്‍ക്കായാലും ശരി. കേവലം ഒരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഇഞ്ചിയെ ഒരു മരുന്ന് കൂടിയായാണ് മിക്കവരും കാണുന്നത്. 

ജലദോഷം- ചുമ പോലുള്ള അണുബാധകളെ ചെറുക്കാനുള്ള കഴിവ്, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷീണമകറ്റാനുമുള്ള കഴിവ് എന്നുതുടങ്ങി ഹൃദയാരോഗ്യത്തിന് വരെ ഉത്തമമാണ് ഇഞ്ചി. സംഗതി ഇങ്ങനെയെല്ലാമാണെങ്കിലും ഇഞ്ചി ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അതിന്റെ തൊലി ചുരണ്ടിക്കളയുന്ന ജോലിയാണ്. 

പീലര്‍ കൊണ്ട് തൊലി കളയാവുന്ന പരുവത്തിലല്ല, ഇഞ്ചിയുടെ ഘടന. കത്തി കൊണ്ട് ചെയ്താലോ തൊലിക്കൊപ്പം തന്നെ ധാരാളം കാമ്പും ചെത്തിപ്പോരുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയായി ഇഞ്ചി തൊലി കളഞ്ഞെടുക്കാന്‍ ഒരു സൂത്രമുണ്ടെങ്കിലോ! 

സാധാരണഗതിയില്‍ വീട്ടില്‍ പരീക്ഷിച്ചുനോക്കാവുന്ന ഒരെളുപ്പമാര്‍ഗമാണിത്. അതിനായി ആദ്യം ഇഞ്ചി വായു കടക്കാത്ത ബാഗിലോ പാത്രത്തിലോ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. (ഇഞ്ചി എപ്പോഴും ഇത്തരത്തില്‍ സൂക്ഷിക്കുന്നതിലൂടെ ഫ്രഷ്‌നസ് നഷ്ടപ്പെടാതിരിക്കുകയും കാലാവധി കൂട്ടിക്കിട്ടുകയും ചെയ്യും.)

ഇനി, ഉപയോഗിക്കാന്‍ നേരം അത് പുറത്തെടുത്ത് കഷ്ണങ്ങളാക്കുക. ശേഷം ടാപ്പ് തുറന്ന് റണ്ണിംഗ് വാട്ടറില്‍ ഒന്ന് വെറുതെ കഴുകിയെടുക്കാം. ഇനിയാണ് തൊലി കളയാനുള്ള സൂത്രം. അറ്റം അല്‍പം മൂര്‍ച്ചയുള്ള തരം സ്പൂണുണ്ടെങ്കില്‍ അത് എടുക്കുക. ഒരു കയ്യില്‍ ഇഞ്ചി വച്ച് മറ്റേ കയ്യില്‍ സ്പൂണും പിടിച്ച്, അതിന്റെ അറ്റം കൊണ്ട് തൊലി കളഞ്ഞുനോക്കുക. സാമാന്യം എളുപ്പത്തില്‍ ജോലി പൂര്‍ത്തിയാക്കാം. വളരെ ലളിതമായ ഒരു പൊടിക്കൈ ആണിത്. എപ്പോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നത്. അപ്പോള്‍ ഇനി, തൊലി കളയാനുള്ള മടി കൊണ്ട് ഇഞ്ചിയുടെ ഉപയോഗം കുറയ്ക്കില്ലല്ലോ അല്ലേ?

Also Read:- അമിതവണ്ണം കുറയ്ക്കാന്‍ ഇഞ്ചി കൊണ്ട് മൂന്ന് 'സിംപിള്‍' വഴികള്‍...

click me!