മഴക്കാല വൈകുന്നേരത്തിന് ഉന്മേഷം പകരാന്‍ മസാലച്ചായ...

By Web TeamFirst Published Jul 9, 2020, 7:27 PM IST
Highlights

വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 'മസാലച്ചായ'യെക്കുറിച്ചാണ് പറയുന്നത്. മഴക്കാലത്തെ വൈകുന്നേരങ്ങളെ ഉന്മേഷം നല്‍കിയുണര്‍ത്താന്‍ ഇതിലും നല്ലൊരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മസാലയാണ് ഈ ചായയുടെ ഏറ്റവും വലിയ പ്രത്യേകത. മസാലയെന്നാല്‍ നമ്മള്‍ സാധാരണ കറികള്‍ക്കെല്ലാം വേണ്ടി ഉപയോഗിക്കാറുള്ള 'സ്‌പൈസസ്'

ചായയോട് ഇന്ത്യക്കാര്‍ക്കുള്ള അടുപ്പം വളരെ പ്രസിദ്ധമാണ്. നമ്മള്‍ മലയാളികള്‍ക്കും ചായ തന്നെ ഏറ്റവും പ്രിയപ്പെട്ട പാനീയം. ദിവസം തുടങ്ങുന്നത് മുതലുള്ള ചായകുടി ഏതാണ്ട് രാത്രി വരേയും നീളുന്ന തരത്തിലാണ് മിക്കവരുടേയും ശീലം. രണ്ടോ മൂന്നോ ചായയില്‍ക്കൂടുതല്‍ ഒരു ദിവസം കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. എങ്കിലും ചായ ഒഴിവാക്കുന്ന കാര്യം മാത്രം പറയരുത്, അല്ലേ?

മഴക്കാലത്താണെങ്കില്‍ പൊതുവേ ചായകുടിയുടെ തോത് കൂടുകയാണ് പതിവ്. കട്ടനോ പാലൊഴിച്ചതോ ഒക്കെയാകാം ഇത്. തണുപ്പും, ഊര്‍ജ്ജക്കുറവുമെല്ലാം മറികടക്കാനാണ് മഴക്കാലത്ത് ആളുകള്‍ കൂടുതലായി ചായ കുടിക്കുന്നത്. എന്നാല്‍ ചൂടും ഉന്മേഷവും പകരുന്നതിനൊപ്പം ആരോഗ്യത്തിനും അല്‍പം ഗുണം ലഭിക്കുന്ന തരം ചായയാണെങ്കിലോ!

വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 'മസാലച്ചായ'യെക്കുറിച്ചാണ് പറയുന്നത്. മഴക്കാലത്തെ വൈകുന്നേരങ്ങളെ ഉന്മേഷം നല്‍കിയുണര്‍ത്താന്‍ ഇതിലും നല്ലൊരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മസാലയാണ് ഈ ചായയുടെ ഏറ്റവും വലിയ പ്രത്യേകത. മസാലയെന്നാല്‍ നമ്മള്‍ സാധാരണ കറികള്‍ക്കെല്ലാം വേണ്ടി ഉപയോഗിക്കാറുള്ള 'സ്‌പൈസസ്'. 

 

 

ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍. നമുക്കറിയാം കേവലം സുഗന്ധത്തിനും രുചിക്കും അപ്പുറം സ്‌പൈസുകള്‍ക്കെല്ലാം പല ആരോഗ്യഗുണങ്ങളുമുണ്ട്. മഴക്കാലത്താണെങ്കില്‍ ജലദോഷം, ചുമ പോലുള്ള അണുബാധകള്‍ സര്‍വസാധാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം ചെറുക്കാന്‍ സ്‌പൈസുകള്‍ക്കാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കി ബാക്ടീരിയകളെ തുരത്താന്‍, എല്ലുബലം കൂട്ടാന്‍ എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ കഴിവുള്ള സ്‌പൈസുകളാണ് ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ. 

ഇവ വച്ച് എങ്ങനെ മസാലച്ചായ തയ്യാറാക്കാം എന്ന് നോക്കാം. രണ്ട് കപ്പ് വെള്ളത്തിന് മൂന്നോ നാലോ ഏലയ്ക്ക എടുക്കാം. ഗ്രാമ്പൂ ആണെങ്കില്‍ മൂന്നെണ്ണം മതിയാകും. അതിലും കൂടുതലായാല്‍ ചായ കൂടുതല്‍ 'സ്‌ട്രോംഗ്' ആകും. അത് വേണ്ടവര്‍ക്ക് ഗ്രാമ്പൂ കൂടുതലെടുക്കാം. അരയിഞ്ച് അല്ലെങ്കില്‍ മുക്കാലിഞ്ച് നീളത്തില്‍ പട്ടയെടുക്കാം. ഇതിനൊപ്പം ഒരു ചെറിയ സ്പൂണ്‍ ഇഞ്ചി ഗ്രേറ്റ് ചെയ്തത്, അല്ലെങ്കില്‍ ചതച്ചത്, അരക്കപ്പ് പാല്‍, ഒരു ടീസ്പൂണ്‍ തേയില, ആവശ്യത്തിന് പഞ്ചസാര എന്നിവയെടുക്കുക. 

സ്‌പൈസുകള്‍ നന്നായി പൊടിച്ചെടുക്കുക. ചായയ്ക്ക് വേണ്ടി തിളപ്പിക്കാന്‍ വച്ച വെള്ളത്തില്‍ ഇത് ചേര്‍ക്കുക. ഒപ്പം തന്നെ ഇഞ്ചിയും ചേര്‍ക്കുക. വെള്ളം തിളച്ചുവരുമ്പോഴേക്ക് തേയില (ചായപ്പൊടി) ചേര്‍ക്കാം. മൂന്നോ നാലോ മിനുറ്റ് തിളയ്ക്കാന്‍ അനുവദിച്ച ശേഷം തീ കുറച്ചുവച്ച് പാല്‍ ചേര്‍ക്കുക. വീണ്ടും രണ്ടോ മൂന്നോ മിനുറ്റ് അടുപ്പത്ത് തന്നെ വയ്ക്കുക. ചായയുടെ കട്ടി എത്ര വേണമെന്ന് ഓരോരുത്തര്‍ക്കും ഇഷ്ടാനുസരണം തീരുമാനിക്കാം. അതിന് അനുസരിച്ച് തീ ഓഫ് ചെയ്യാം. ചായ തയ്യാറായാല്‍ അരിച്ച ശേഷം ഗ്ലാസിലേക്ക് പകര്‍ന്ന് ചൂടോടെ കുടിക്കാം. 

 

 

സ്‌പൈസുകള്‍ അല്‍പം കൂടുതലെടുത്ത് പൊടിച്ച് വൃത്തിയുള്ള പാത്രത്തില്‍ അടച്ച് സൂക്ഷിച്ചുവച്ചാല്‍ ആവശ്യമുള്ളപ്പോള്‍ എടുത്ത് ചായയുണ്ടാക്കാന്‍ എളുപ്പമായിരിക്കും. ഉന്മേഷക്കുറവോ ക്ഷീണമോ ഒക്കെ തോന്നുമ്പോഴും തണുപ്പും ഈര്‍പ്പവും നിലനില്‍ക്കുമ്പോഴും ഒക്കെ 'മസാലച്ചായ' ബെസ്റ്റാണ്. അതിനാല്‍ തീര്‍ച്ചയായും ഇത് പരീക്ഷിച്ചുനോക്കാന്‍ ശ്രമിക്കണേ...

Also Read:- പഞ്ചസാര അധികം വേണ്ട; പ്രമേഹം മാത്രമല്ല, കാത്തിരിക്കുന്നത് വേറെയും ആരോഗ്യപ്രശ്നങ്ങളെന്ന് പഠനം...

click me!