'പ്ലാസ്റ്റിക് ചട്ണി'; പേര് കേട്ട് അമ്പരക്കേണ്ട, സംഗതി ബംഗാളിയാണ്...

By Web TeamFirst Published May 20, 2021, 11:31 PM IST
Highlights

വിവിധ പച്ചക്കറികള്‍ കൊണ്ടും പഴങ്ങള്‍ കൊണ്ടുമെല്ലാം ചട്ണികള്‍ തയ്യാറാക്കുന്നവരുണ്ട്. അത്തരത്തിലുള്ള രണ്ട് ബംഗാളി ചട്ണികള്‍ ഒന്ന് പരിചയപ്പെട്ടാലോ, ഇവയിലൊന്നിന്റെ പേര് ഏറെ കൗതുകമുണ്ടാക്കുന്നതാണ്. 'പ്ലാസ്റ്റിക് ചട്ണി' എന്നാണിതിന്റെ പേര്
 

ചപ്പാത്തിയോ, പൊറോട്ടയോ, ബ്രഡോ, ദോശയോ എന്തുമാകട്ടെ കൂടെ കഴിക്കാന്‍ അല്‍പം എരിവും പുളിയും മധുരവുമെല്ലാം കലര്‍ന്ന ചട്ണികളുണ്ടെങ്കില്‍ അതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്, അല്ലേ? ചട്ണികള്‍ പല രുചികളിലും പല നിറങ്ങളിലും ഉള്ളവയുണ്ട്. 

ഓരോ നാടിനും അനുസരിച്ച് ചട്ണികള്‍ തയ്യാറാക്കുന്ന വിധവും മാറാറുണ്ട്. പൊതുവേ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് ചട്ണികളുടെ ഒരു പ്രത്യേകത. നമ്മള്‍ കേരളീയര്‍ അധികവും തേങ്ങ, തൈര്, തക്കാളി, ഉള്ളി എന്നിവയെല്ലാം ഉപയോഗിച്ചാണ് മിക്കവാറും ചട്ണികള്‍ തയ്യാറാക്കാറ്. 

എന്നാല്‍ വിവിധ പച്ചക്കറികള്‍ കൊണ്ടും പഴങ്ങള്‍ കൊണ്ടുമെല്ലാം ചട്ണികള്‍ തയ്യാറാക്കുന്നവരുണ്ട്. അത്തരത്തിലുള്ള രണ്ട് ബംഗാളി ചട്ണികള്‍ ഒന്ന് പരിചയപ്പെട്ടാലോ, ഇവയിലൊന്നിന്റെ പേര് ഏറെ കൗതുകമുണ്ടാക്കുന്നതാണ്. 'പ്ലാസ്റ്റിക് ചട്ണി' എന്നാണിതിന്റെ പേര്. ആദ്യം ഇതെപ്പറ്റി തന്നെ അറിയാം. 

പ്ലാസ്റ്റിക് ചട്ണി...

പ്ലാസ്റ്റിക് ചട്ണി എന്ന പേര് കേള്‍ക്കുമ്പോള്‍ ആരും ഒന്നമ്പരന്നേക്കാന്‍ സാധ്യതയുണ്ട്. ഇതെന്താണ് ഭക്ഷണത്തിന് പ്ലാസ്റ്റിക്കുമായി ബന്ധം എന്നതായിരിക്കും ആദ്യസംശയം. മറ്റൊന്നുമല്ല കാണാനുള്ള രൂപമനുസരിച്ചാണ് ഇതിന് ഈ പേര് കിട്ടിയിരിക്കുന്നത്. 

 

 

അധികം പഴുക്കാത്ത പപ്പായ കൊണ്ടാണ് സംഗതി തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ കുറവ് ചേരുവകള്‍ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ആദ്യം പപ്പായ ചെറുതാക്കി മുറിച്ച് അല്‍പനേരത്തേക്ക് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. ശേഷം ഉപ്പ്- പഞ്ചസാര എന്നിവ ചേര്‍ത്ത വെള്ളം ചൂടാക്കി, അതിലേക്ക് പപ്പായ ചേര്‍ക്കണം. പത്ത് മിനുറ്റ് നേരം കുറഞ്ഞ തീയില്‍ അത് വേവിക്കണം.

ഇങ്ങനെ പഞ്ചസാരയില്‍ വേവിച്ചെടുക്കുന്നതിനാല്‍ തന്നെ ഒടുവില്‍ ഒരു പ്ലാസ്റ്റിക് ഘടന വരും. അതിനാലാണ് ഈ ചട്ണിക്ക് 'പ്ലാസ്റ്റിക് ചട്ണി' എന്ന പേര്. ഏറ്റവും ഒടുവില്‍ എണ്ണയില്‍ കടുക്, ചുവന്ന മുളക്, ഉലുവ, കറിവേപ്പില എന്നിവ താളിച്ചെടുക്കാം. ഇത് ഇഡ്ഡലി, ദോശ, ചോറ് തുടങ്ങി ഏത് വിഭവത്തിനൊപ്പവും കഴിക്കാവുന്നതാണ്.

മത്തന്‍ ചട്ണി...

മത്തന്‍ കൊണ്ട് നമ്മള്‍ സാധാരണഗതിയില്‍ ചോറിനുള്ള വിഭവങ്ങളാണ് തയ്യാറാക്കാറ്. എന്നാല്‍ ഇതുപയോഗിച്ച് രുചികരമായ ചട്ണിയും തയ്യാറാക്കാവുന്നതാണ്. ഇതും ആദ്യം സൂചിപ്പിച്ചത് പോലെ ബംഗാളി ചട്ണിയാണ്. 

 

 

ആദ്യം മത്തന്‍ ചെറുതാക്കി മുറിച്ച് നന്നായി വേവിക്കണം. ഇനി ഒരു പാനില്‍ അല്‍പം കടുകെണ്ണ ചൂടാക്കി അതിലേക്ക് കടുകും ചുവന്ന മുളകും ചേര്‍ക്കുക. ഇത് ഒന്ന് വാടിവരുമ്പോള്‍ വേവിച്ചുവച്ച മത്തനും ആവശ്യത്തിന് വെള്ളവും ചേര്‍ക്കാം. അഞ്ച് മിനുറ്റിന് ശേഷം പുളി കട്ടിയായി പിഴിഞ്ഞത്, ഉപ്പ്, പഞ്ചസാര, ഉണക്കമുന്തിരി എന്നിവ ചേര്‍ക്കാം. ഇനി ഇത് തണുപ്പിച്ച ശേഷം നന്നായി അരച്ചെടുക്കുക. 

Also Read:- ചീര കൊണ്ടൊരു ദോശ; തയ്യാറാക്കേണ്ടത് ഇങ്ങനെ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!