ചൂടുചായ ഊതിക്കുടിക്കാം; ഒപ്പം കപ്പ് കടിച്ചുതിന്നാം...

By Web TeamFirst Published Dec 11, 2020, 5:46 PM IST
Highlights

ആദ്യം മുതല്‍ക്ക് തന്നെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് വളരെ 'പോസിറ്റീവ്' ആയ പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചതെന്നാണ് വിവേക് സഭാപതി സാക്ഷ്യപ്പെടുത്തുന്നത്. ബിസ്‌കറ്റ് കപ്പിനും ചായയ്ക്കും കൂടി 20 രൂപയാണ് ഇവര്‍ നിലവില്‍ ഈടാക്കുന്നത്

ചായ ഇഷ്ടമല്ലാത്തവര്‍ വിരളമായിരിക്കും. നമ്മളില്‍ ഭൂരിഭാഗം പേരുടെയും ദിവസം തുടങ്ങുന്നത് തന്നെ ചായയിലാണ്. ചായയ്‌ക്കൊപ്പം മിക്കവാറും പേരും കഴിക്കാന്‍ താല്‍പര്യപ്പെടുന്നതും, അല്ലെങ്കില്‍ കഴിച്ച് ശീലിച്ചുവന്നതുമായ ഭക്ഷണമാണ് ബിസ്‌കറ്റ്. 

ചിലര്‍ ചായയില്‍ മുക്കി ബിസ്‌കറ്റ് കഴിക്കും, മറ്റ് ചിലര്‍ ബിസ്‌കറ്റ് വെറുതെ കഴിച്ച ശേഷം ചായ കുടിക്കും. എന്നാല്‍ ചായയ്‌ക്കൊപ്പം തന്നെ വലിയ മിനക്കേടൊന്നുമില്ലാതെ ബിസ്‌കറ്റും കഴിക്കാമെങ്കിലോ! ഇത്തരമൊരു ആശയത്തില്‍ നിന്നാണ് മധുരയിലെ ഒരു ചെറിയ ടീ-സ്റ്റാള്‍ ഇപ്പോള്‍ വലിയ തരംഗമായി മാറിയിരിക്കുന്നത്. 

ചൂടുചായ ഊതിക്കുടിക്കാം, ഒപ്പം തന്നെ ബിസ്‌കറ്റ് കപ്പ് കടിച്ചുതിന്നാം. വ്യക്തമായിപ്പറയാം. ഈ ടീസ്റ്റാളില്‍ ചായ കിട്ടുന്നത് ചോക്ലേറ്റ് ബിസ്‌കറ്റ് കപ്പിലാണ്. സംഗതി, നമ്മള്‍ കോണ്‍ ഐസ്‌ക്രീമെല്ലാം കഴിക്കുന്നത് പോലെ തന്നെ. ചായ കുടിച്ചുതീരുന്നതിനൊപ്പം, പതിയെ ബിസ്‌കറ്റ് കപ്പും തിന്നാം. 

'ആര്‍എസ് പതി നീല്‍ഗിരി ടീ-സ്റ്റാള്‍' ആണ് ഇത്തരത്തില്‍ രസകരമായൊരു ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ഇവരുടെ ബിസ്‌കറ്റ് കപ്പിലെ ചായ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് പ്ലാസ്റ്റിക് കപ്പുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ടീ-സ്റ്റാള്‍ ഉടമ വിവേക് സഭാപതി ഇത്തരമൊരു ആശയം നടപ്പിലാക്കിത്തുടങ്ങിയത്. 

ആദ്യം മുതല്‍ക്ക് തന്നെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് വളരെ 'പോസിറ്റീവ്' ആയ പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചതെന്നാണ് വിവേക് സഭാപതി സാക്ഷ്യപ്പെടുത്തുന്നത്. ബിസ്‌കറ്റ് കപ്പിനും ചായയ്ക്കും കൂടി 20 രൂപയാണ് ഇവര്‍ നിലവില്‍ ഈടാക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദമായി കച്ചവടം നടത്തുന്നതിന്റെ സംതൃപ്തി തന്നെയാണ് ഏറ്റവും പ്രധാനമെന്നാണ് വിവേക് സഭാപതിയുടെ ഭാഷ്യം. ഒപ്പം ഇവിടെ ചായ കുടിക്കാനെത്തുന്നവരും 'ഹാപ്പി'. ഇപ്പോൾ കേരളമുൾപ്പെടെ പലയിടങ്ങളിലും ഇതൊരു 'ട്രെൻഡ്' ആയി രൂപപ്പെടുന്നുമുണ്ട്. 

Also Read:- തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും കിടിലനൊരു ചായ!...

click me!