മലബന്ധം അകറ്റാന്‍ കഴിക്കാം ഈ മൂന്ന് ജ്യൂസുകള്‍...

By Web TeamFirst Published Nov 22, 2019, 10:50 PM IST
Highlights

ശരീരം ആവശ്യത്തിന് അനങ്ങാതാകുന്നതോടെ ദഹനപ്രവര്‍ത്തനങ്ങള്‍ പതുക്കെയാകുന്നു. ഇതാണ് പിന്നീട് മിക്കവരിലും മലബന്ധത്തിന് കാരണമായി വരുന്നത്. ചെറിയ വ്യായാമങ്ങളിലേര്‍പ്പെടുന്നതിനൊപ്പം ഭക്ഷണത്തിലും കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നതോടെ ഒരു പരിധി വരെ മലബന്ധത്തെ നേരിടാനാകും

പുതിയ കാലത്തെ ജീവിതരീതികളുടെ ഭാഗമായി നിരവധി പേര്‍ നേരിടുന്ന ഒരു പതിവ് പ്രശ്‌നമാണ് മലബന്ധം. ആവശ്യത്തിന് വ്യായമമില്ലാതെ നീണ്ട മണിക്കൂറുകള്‍ ഇരുന്ന് ജോലി ചെയ്യുന്നതും, മോശം ഭക്ഷണശീലങ്ങളുമെല്ലാം മലബന്ധം ഉണ്ടാക്കാന്‍ ഇടയാക്കുന്നുണ്ട്. 

ശരീരം ആവശ്യത്തിന് അനങ്ങാതാകുന്നതോടെ ദഹനപ്രവര്‍ത്തനങ്ങള്‍ പതുക്കെയാകുന്നു. ഇതാണ് പിന്നീട് മിക്കവരിലും മലബന്ധത്തിന് കാരണമായി വരുന്നത്. ചെറിയ വ്യായാമങ്ങളിലേര്‍പ്പെടുന്നതിനൊപ്പം ഭക്ഷണത്തിലും കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നതോടെ ഒരു പരിധി വരെ മലബന്ധത്തെ നേരിടാനാകും. 

അത്തരത്തില്‍ ഭക്ഷണത്തിലൂടെ ഈ പ്രശ്‌നത്തെ നേരിടുന്നതിന്റെ ഭാഗമായി മൂന്ന് തരം ജ്യൂസുകളെ പരിചയപ്പെടുത്തുകയാണ് ഇനി. സാധാരണഗതിയില്‍ മിക്കപ്പോഴും നമ്മള്‍ വീട്ടിലുണ്ടാക്കുന്ന ജ്യൂസുകള്‍ തന്നെയാണിവ. അല്ലെങ്കില്‍ കടകളില്‍ നിന്ന് വാങ്ങുന്ന കൂട്ടത്തിലും ഏറ്റവുമധികം പേര്‍ കഴിക്കുന്നവയാണെന്ന് പറയാം. അവയേതെല്ലാമെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

പൈനാപ്പിള്‍ ജ്യൂസാണ് ഈ പട്ടികയിലെ ഒന്നാമന്‍. പൈനാപ്പിളിലടങ്ങിയിരിക്കുന്ന 'Bromelain' എന്ന പദാര്‍ത്ഥം മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്. 

 

 

വയറ് കെട്ടിവീര്‍ക്കുന്നതും, ഗ്യാസ് നിറയുന്നതും, അത് മൂലം വേദനയുണ്ടാകുന്നതുമെല്ലാം ഒഴിവാക്കാന്‍ പൈനാപ്പിളിനാകും. 

രണ്ട്...

ലെമണ്‍ ജ്യൂസാണ് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയം. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ചെറുനാരങ്ങ ഉപകാരപ്പെടുന്നത്. 

 

 

ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയ്ക്ക് ദഹനാവയവങ്ങളില്‍ നിന്ന് അപകടകാരികളായ പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുമുണ്ട്.

മൂന്ന്...

ഓറഞ്ച് ജ്യൂസാണ് ഈ പട്ടികയിലെ മൂന്നാമന്‍. ഓറഞ്ചിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. 

 


മാത്രമല്ല, മലം ഉറച്ചുപോകാതിരിക്കാനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ ഓറഞ്ചിലുള്ള 'Naringenin' എന്ന പദാര്‍ത്ഥം മലബന്ധത്തെ നല്ലരീതിയില്‍ പ്രതിരോധിക്കും.

click me!