
ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ എളുപ്പത്തില്‍ ശ്രദ്ധ നേടാറുണ്ട്. ഇവയ്‌ക്കെല്ലാം എന്തെങ്കിലും തരത്തിലുള്ള പുതുമകള്‍ വേണമെന്ന് മാത്രം. ഭക്ഷണത്തില്‍ വരുന്ന പുതിയ പരീക്ഷണങ്ങളും, പുത്തന്‍ വിശേഷങ്ങളുമെല്ലാം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്.
എന്നാല്‍ പ്രത്യേകതകള്‍ ഏതുമില്ലാത്ത ഒരു പാത്രം 'പ്ലെയിന്‍ റൈസ്' ഇത്തരത്തില്‍ വ്യാപകമായ ശ്രദ്ധ നേടുമോ? ഇല്ല എന്നായിരിക്കും നമ്മുടെ ഉത്തരം. അങ്ങനെ പറയത്തക്ക വിശേഷമൊന്നുമില്ലാതെ ചോറ് മാത്രമായി തരംഗം സൃഷ്ടിക്കേണ്ടതില്ലല്ലോ, അല്ലേ!
എങ്കില്‍ തെറ്റി, ഒരു പാത്രം ചോറ് മതി, ഭക്ഷണപ്രേമികളെ ആകെയും ഇളക്കിമറിക്കാനെന്ന് തെളിയിച്ചിരിക്കുകയാണ് വ്യവസായിയായ അലി ഖാസിമിന്റെ വൈറലായ ഒരു ട്വീറ്റ്. 'പ്ലെയിന്‍ റൈസ്' വിളമ്പിവച്ചിരിക്കുന്ന ഒരു പാത്രത്തിന്റെ ചിത്രത്തോടൊപ്പം ഒരേയൊരു കാര്യമേ അലി കാസിം എഴുതിയുള്ളൂ.
'നിങ്ങള്‍ക്ക് ഈ പാത്രത്തിലേക്ക്, ചോറിനൊപ്പം കഴിക്കാന്‍ രണ്ട് സാധനങ്ങള്‍ കൂടി എടുക്കാം. അവയേതെല്ലാമാണെന്ന് പറയാം...'- ഇതായിരുന്നു അലി ഖാസിമിന്റെ അടിക്കുറിപ്പ്. ഇന്ത്യക്കാര്‍ സാധാരണഗതിയില്‍ ചോറിനൊപ്പം ചേര്‍ക്കാറുള്ള രണ്ട് വിഭവങ്ങളെ കുറിച്ചാണ് അധികവും കമന്റ് ചെയ്തത്. പരിപ്പും അച്ചാറുമായിരുന്നു ആ വിഭവങ്ങള്‍.
ഇതിന് പിറകെയായി തങ്ങളുടെ ഇഷ്ട കോമ്പിനേഷന്‍ വെളിപ്പെടുത്തി മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ക്യൂബ തുടങ്ങി നിരവധി ഇടങ്ങളില്‍ നിന്നുള്ളവര്‍ രംഗത്തെത്തി. ഏറെ കൗതുകം നിറയ്ക്കുന്നതായിരുന്നു ഓരോ കോംബോകളും. വെണ്ടക്ക കൊണ്ടുള്ള വിഭവവും ലൂസിയാന ഹോട്ട് സോസും, ബീഫും പച്ചക്കറിയും, ക്രിസ്പിയായി വറുത്തെടുത്ത താറാവും സ്വീറ്റ്-ആന്റ്- സോര്‍ സോസും, പിക്കിള്‍ഡ് പ്ലംസും സീസേം സീഡ്‌സും, വേവിച്ച ഉരുളക്കിഴങ്ങും മുട്ടയും, മുട്ടയും ബര്‍ഗര്‍ പാറ്റീസും, കെബാബും സലാഡും... ഇങ്ങനെ നീണ്ടുപോകുന്നു കോംബോകളുടെ പട്ടിക.
ഇത്രയധികം പേര്‍ തന്റെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കരുതിയില്ലെന്നും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അലി ഖാസിം പറയുന്നു. വിവിധ ഭക്ഷണ സംസ്‌കാരങ്ങളെ പരിചയപ്പെടാന്‍ കൂടി ലഭിച്ച സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറയുന്നു. എന്തായാലും ഒരു പാത്രം 'പ്ലെയിന്‍ റൈസി'നും ഇങ്ങനെ വലിയ ചലനങ്ങളുണ്ടാക്കാം എന്ന് തെളിഞ്ഞത് തന്നെ എല്ലാവരിലും ഏറെ കൗതുകം സൃഷ്ടിക്കുന്നു.