നിങ്ങളുടെ ഉപ്പില്‍ വിഷമുണ്ടോ? ; ഇതാ ഞെട്ടിക്കുന്ന ഒരു പഠനം...

By Web TeamFirst Published Jun 26, 2019, 9:56 PM IST
Highlights

പൊട്ടാസ്യം ഫെറോസയനൈഡ് എന്ന വിഷമയമായപദാര്‍ത്ഥം പരിശോധനയ്‌ക്കെത്തിയ 'ടാറ്റ സാള്‍ട്ടി'ന്റെ ഉപ്പില്‍ കണ്ടെത്തിയെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഉപ്പിനെ 'പ്രോസസ്' ചെയ്‌തെടുക്കുന്ന ഘട്ടത്തിലാണത്രേ ഇത്തരം പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്

നിത്യജീവിതത്തില്‍ നിന്ന് എന്ത് വേണമെങ്കിലും മാറ്റിനിര്‍ത്താം. പക്ഷേ ഉപ്പ്, അത് എങ്ങനെ നോക്കിയാലും പ്രധാനമായ ഒരു പങ്ക് വഹിക്കുന്ന പദാര്‍ത്ഥം തന്നെയാണ് അല്ലേ?

ഏത് ഭക്ഷണത്തിലും ഒരല്‍പമെങ്കിലും ഉപ്പ് വിതറാതെ നമുക്ക് കഴിക്കാനാകുമോ? അതിലും മായമെന്ന് കണ്ടെത്തുന്ന ദുരവസ്ഥയിലാണോ നമ്മളെത്തിനില്‍ക്കുന്നതെന്ന് ആശങ്കപ്പെടുത്തും വിധം ഇതാ ഒരു പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 

'അമേരിക്കന്‍ വെസ്റ്റ് അനലറ്റിക്കല്‍ ലബോറട്ടറീസ്'ല്‍ നടന്ന പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. അതായത്, ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന 'പ്രോസസ്ഡ്' ഉപ്പുകളുടെ കൂട്ടത്തില്‍ വിഷാംശമുള്ള ഉപ്പും ഉള്‍പ്പെടുന്നുവെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന വിവരം. 

പൊട്ടാസ്യം ഫെറോസയനൈഡ് എന്ന വിഷമയമായപദാര്‍ത്ഥം പരിശോധനയ്‌ക്കെത്തിയ 'ടാറ്റ സാള്‍ട്ടി'ന്റെ ഉപ്പില്‍ കണ്ടെത്തിയെന്നാണ് ഇവര്‍ അറിയിക്കുന്നത്. ഉപ്പിനെ 'പ്രോസസ്' ചെയ്‌തെടുക്കുന്ന ഘട്ടത്തിലാണത്രേ ഇത്തരം പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്. 

കാന്‍സര്‍, വന്ധ്യത, ഹൈപ്പര്‍ തൈറോയിഡിസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്ന പദാര്‍ത്ഥമാണ് പൊട്ടാസ്യം ഫെറോസയനൈഡ് എന്ന് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

സാമൂഹ്യപ്രവര്‍ത്തകനും 'ഗോതം ഗ്രെയ്ന്‍സ് ആന്റ് ഫാംസ് പ്രോഡക്ട്' ചെയര്‍മാനുമായ ശിവശങ്കര്‍ ഗുപ്തയാണ് യുഎസില്‍ നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. കമ്പനികള്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച നടത്തുന്നുവെന്നും, ഇത് അഴിമതിയാണെന്നുമാണ് ഗുപ്തയുടെ ആരോപണം. 

അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദവുമായി 'ടാറ്റ കെമിക്കല്‍സ്' രെഗത്തെത്തിയിട്ടുണ്ട്. 'ഫുഡ് സെയ്ഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ'  നിഷ്‌കര്‍ഷിക്കുന്ന അളവില്‍ മാത്രമാണ് പൊട്ടാസ്യം ഫെറോസയനൈഡ് ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങള്‍ ഉപ്പില്‍ ചേര്‍ക്കുന്നതെന്നും മറ്റ് അപകടങ്ങളൊന്നും ഇതിലില്ലെന്നുമാണ് ഇവര്‍ വാദിക്കുന്നത്.

click me!