മധുരം ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുവോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

By Web TeamFirst Published May 29, 2023, 1:12 PM IST
Highlights

ഡയറ്റിലെ ചില ചെറിയ പൊളിച്ചെഴുത്തുകള്‍ പോലും പിന്നീട് ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കാം. ഇത്തരത്തില്‍ മിക്കവരും ഡയറ്റില്‍ വരുത്താനാഗ്രഹിക്കുന്ന ആരോഗ്യകരമായൊരു മാറ്റമാണ് മധുരം ഒഴിവാക്കുകയെന്നത്. 

നാം എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ന് മിക്കവരും, പ്രത്യേകിച്ച് വീട്ടില്‍ നിന്ന് മാറി ദൂരെ ജോലി ചെയ്ത് താമസിക്കുന്നവര്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയും പോകുന്നവരാണ്. 

എങ്കിലും ഡയറ്റിലെ ചില ചെറിയ പൊളിച്ചെഴുത്തുകള്‍ പോലും പിന്നീട് ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കാം. ഇത്തരത്തില്‍ മിക്കവരും ഡയറ്റില്‍ വരുത്താനാഗ്രഹിക്കുന്ന ആരോഗ്യകരമായൊരു മാറ്റമാണ് മധുരം ഒഴിവാക്കുകയെന്നത്. 

മധുരം ആരോഗ്യത്തിന് പലരീതിയില്‍ ദോഷകരമായി വരാറുണ്ട്. എന്നാല്‍ ആരോഗ്യാവസ്ഥ നോക്കാതെ മധുരം പൂര്‍ണമായി ഒഴിവാക്കുകയും അരുത്. അത്യാവശ്യം വണ്ണമുള്ളവരാണെങ്കില്‍ മധുരം നല്ലതുപോലെ നിയന്ത്രിക്കാം. അതിന് പ്രശ്നങ്ങളൊന്നുമില്ല. അല്ലാത്തപക്ഷം ഡയറ്റില്‍ നിന്ന് മധുരം പൂര്‍ണമായി ഒഴിവാക്കണമെങ്കില്‍ ഇതിന് മുമ്പായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നതാണ് നല്ലത്. 

ഇനി മധുരം ഒഴിവാക്കുകയാണെങ്കിലോ? അത് തീര്‍ച്ചയായും ആരോഗ്യത്തിന് ഗുണകരമാകുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. രണ്ടാഴ്ച മധുരമില്ലാതെ പോയാല്‍ തന്നെ വലിയ രീതിയില്‍ ഉന്മേഷം തോന്നുകയും അതുപോലെ തന്നെ ചെറിയ പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. 

മധുരം ഒഴിവാക്കിക്കഴിയുമ്പോള്‍ നമ്മളില്‍ ഏറ്റവും പെട്ടെന്ന് വരുന്ന ചില മാറ്റങ്ങളുണ്ട്. ഇതിലൊന്നാണ് ചര്‍മ്മത്തില്‍ വരുന്ന വ്യത്യാസം. 'ക്ലിയര്‍ സ്കിൻ' ആഗ്രഹിക്കുന്നവര്‍ക്ക് ചെയ്യാവുന്നൊരു കാര്യമാണ് മധുരമൊഴിവാക്കുകയെന്നത്. മറ്റൊന്നാണ് ദഹനപ്രശ്നങ്ങളില്‍ നിന്നുള്ള രക്ഷ. 

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഡയറ്റില്‍ വരുത്താവുന്നൊരു മാറ്റമാണിത്. കാരണം മധുരം കുറയ്ക്കുന്നതിലൂടെ വലിയ രീതിയില്‍ വണ്ണം കുറയ്ക്കാൻ സാധിക്കും. 

മധുരം ഒഴിവാക്കുകയെന്ന് പറയുമ്പോള്‍ പഞ്ചസാര മാത്രമല്ല ഒഴിവാക്കേണ്ടത്. പല ഭക്ഷണപദാര്‍ത്ഥങ്ങളിലും മധുരം അടങ്ങിയിരിക്കും. ബ്രഡ്, റൊട്ടി, പലവിധത്തിലുള്ള പലഹാരങ്ങള്‍ (ബേക്കറി അടക്കം), പാക്കറ്റ് വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

Also Read:- പപ്പായ രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുക; കാരണം അറിയാം...

 

click me!