സന്തോഷം വരുമ്പോള്‍ എന്തിനാണ് മധുരം കഴിക്കുന്നത്?

By Web TeamFirst Published Apr 5, 2019, 6:06 PM IST
Highlights

എന്തിനാണ് നമ്മള്‍ സന്തോഷം വരുമ്പോള്‍ മധുരം കഴിക്കുന്നത്? എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം? എപ്പോഴെങ്കിലും ഇക്കാര്യം ഓർത്തുനോക്കിയിട്ടുണ്ടോ?
 

ജീവിതത്തില്‍ എന്ത് സന്തോഷകരമായ സംഭവമുണ്ടായാലും അത് ആഘോഷിക്കാന്‍ എന്തെങ്കിലും മധുരം വാങ്ങുക മിക്കവരുടെയും പതിവാണ്. സ്വയം കഴിക്കാനല്ല, കുടുംബത്തിലോ കൂട്ടുകാര്‍ക്കിടയിലോ ഒക്കെ വിതരണം ചെയ്യാനാണ് ഈ മധുരം.

എന്തിനാണ് നമ്മള്‍ സന്തോഷം വരുമ്പോള്‍ മധുരം കഴിക്കുന്നത്? എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം? 

'മധുരം കഴിക്കുന്നതോടെ നമ്മുടെ മൂഡ് ഒന്നുകൂടി ഉണര്‍ന്നുവരുമെന്നൊരു ധാരണ പരക്കെയുണ്ട്. ഇതാണ് സന്തോഷം വരുന്ന സമയങ്ങളില്‍ മധുരം കഴിക്കാനും കഴിപ്പിക്കാനുമെല്ലാം നമ്മള്‍ ശ്രമിക്കുന്നതിന് പിന്നിലെ കാരണം...'- ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മാന്റസ് പറയുന്നു. 

ഇത്തരത്തില്‍ മധുരം കഴിക്കുന്നതോടെ ഊര്‍ജ്ജം വര്‍ധിക്കുന്ന അവസ്ഥയെ 'ഷുഗര്‍ റഷ്' എന്നാണ് പറയാറ്. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടാകുന്നില്ലെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. 

സന്തോഷം വരുന്ന കൂട്ടത്തില്‍ അല്‍പം മധുരം കഴിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ സന്തോഷമുണ്ടാകുന്നതായി തോന്നുക മാത്രമാണെന്നും, യഥാര്‍ത്ഥത്തില്‍ മധുരം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ നമ്മള്‍ ക്ഷീണിക്കുകയും ഊര്‍ജ്ജത്തിന്റെ അളവ് കുറയുകയുമാണ് ചെയ്യുന്നതെന്നുമാണ് ഈ പഠനം വാദിക്കുന്നത്. 

'ന്യൂറോസയന്‍സ് ആന്റ് ബയോബിഹേവിയറല്‍ റിവ്യൂസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. മധുരം കഴിച്ചാല്‍ 'മൂഡ്' നന്നായിവരുമെന്ന പ്രചാരണം തെറ്റാണെന്നും മറിച്ച് 'മൂഡ്' പ്രശ്‌നത്തിലാവുകയാണ് ചെയ്യുകയുമെന്നുമാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്. 

click me!