
ഇന്നത്തെ കാലത്ത്, ഭക്ഷ്യ സുരക്ഷ എന്നത് നമ്മൾ പലപ്പോഴും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഭക്ഷണത്തില്‍ നിന്നും പാറ്റ, പല്ലി തുടങ്ങിയവയൊക്കെ കിട്ടുന്ന പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവ പായ്ക്ക് ചെയ്ത ഭക്ഷണ വസ്തുക്കളിൽ നിന്ന് മാത്രമല്ല, ജൈവ പച്ചക്കറികളില്‍ നിന്ന് വരെ ലഭിക്കുന്നു. നമ്മളില്‍ പലര്‍ക്കും പച്ചക്കറികളിൽ നിന്ന് പുഴുവിനെയോ പ്രാണിയെയോ കിട്ടുന്നത് പതിവാണെങ്കിലും, അത് അത്ര സുഖകരമായ കാര്യമല്ലെന്ന് നമ്മുക്ക് തന്നെ അറിയാം. അത്തരത്തില്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുകയും അൽപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അഭിനിത് കൗർ ചൗള (@AbhiCuisine) എന്ന ഇൻസ്റ്റാഗ്രാം അക്കൗഡിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളെ അസ്വസ്ഥരാക്കിയ ഒരു ഞെട്ടിപ്പിക്കുന്ന വീഡിയോ തന്നെയാണിത്. പച്ച നിറത്തിലുള്ള ക്യാപ്സിക്കം മുറിക്കുന്ന വീഡിയോ ആണ് വൈറലായത്. വീഡിയോയില്‍ യുവതി ക്യാപ്സിക്കം മുറിച്ചപ്പോള്‍ അതിനുള്ളിൽ ഒരു ജീവനുള്ള തേളിനെയാണ് അവര്‍ കണ്ടത്. ആദ്യം, ആ ജീവി ചത്തുപോയെന്നാണ് അവര്‍ കരുതിയത്, പക്ഷേ കത്തി ഉപയോഗിച്ച് അതിനെ ചെറുതായി തട്ടിയ ശേഷം, തേൾ നീങ്ങാൻ തുടങ്ങുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. വിഷമുള്ള തേളുകൾ അങ്ങേയറ്റം ദോഷകരമാകുമെന്നും അവർ കാഴ്ചക്കാരോട് വിശദീകരിക്കുന്നുണ്ട്. ഒരു ചെറിയ വിള്ളലോ ദ്വാരമോ വഴിയാകാം തേൾ ക്യാപ്സിക്കത്തിൽ പ്രവേശിച്ചതെന്ന് അഭിനിത് ഊഹിച്ചു.
വീഡിയോ പെട്ടെന്ന് തന്നെ ഓൺലൈനിൽ പ്രചരിക്കുകയും നിരവധി പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. ഇത് വളരെ അസാധാരണവും അതിലും അപകടകരവുമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 'ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്', 'പാചകം ചെയ്യുന്നതിനുമുമ്പ് എല്ലായ്പ്പോഴും പച്ചക്കറികൾ നന്നായി കഴുകി പരിശോധിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രം' എന്നിങ്ങനെ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.