
ശരീരഭാരം കുറയ്ക്കാന്‍ പല വഴികളും തിരയുന്നവരുണ്ട്. എന്നാല്‍ ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. ഇവിടെയിതാ ആറ് ദിവസം കൊണ്ട് നാല് കിലോ കുറച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ദക്ഷിണകൊറിയന്‍ മോഡല്‍ ഷെറി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം പറയുന്നത്.
ഈയൊരു പ്രത്യേക ഡയറ്റിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സ്വന്തം അനുഭവമാണ് പങ്കുവെയ്ക്കുന്നതെന്നും ഷെറി വീഡിയോയില്‍ പറയുന്നു. 'സ്വിച്ച് ഓണ്‍ ഡയറ്റ്' എന്ന രീതിയാണ് ഷെറി പിന്തുടര്‍ന്നത്. കൊറിയയില്‍ ഈ ഡയറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പ് എരിക്കാനും പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്ന രീതിയിലാണ് ഈ ഡയറ്റ് പ്ലാന്‍ ചെയ്യുന്നത്. കൊഴുപ്പ് കുറച്ചു, പ്രോട്ടീന്‍ കൂട്ടിയാണ് ഈ ഡയറ്റ് പിന്തുടരുന്നത്. അമിതമായ കലോറി കുറയ്ക്കലിന് പകരം കൊഴുപ്പ് കുറയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുപോലെ കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറച്ച്, പ്രോട്ടീന്‍ അളവ് കൂട്ടുകയാണ് ചെയ്യുന്നത്. സ്വിച്ച് ഓണ്‍ ഡയറ്റില്‍ അനുവദനീയമായ ഭക്ഷണങ്ങളുടെ വിവരങ്ങളും ഷെറി പങ്കുവെച്ചിട്ടുണ്ട്.
പ്രോട്ടീന്‍ ഷെയ്ക്കുകള്‍, മള്‍ട്ടിഗ്രെയിന്‍ അരി, കൊഴുപ്പില്ലാത്ത വേവിച്ച കോഴി, മത്സ്യം, നട്‌സ്, മുട്ട, ബെറി പഴങ്ങള്‍, വാഴപ്പഴം, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് അനുവദനീയമായ ഭക്ഷണങ്ങള്‍. പ്രോസസ്ഡ് മാംസം, പഞ്ചസാര, കഫീന്‍, മദ്യം തുടങ്ങിയവയാണ് നിയന്ത്രിത ഭക്ഷണങ്ങള്‍. ഭാരം കുറയ്ക്കുന്ന രീതികള്‍ വ്യക്തിപരമാണെന്നും ഒരാള്‍ക്ക് ഫലപ്രദമായത് മറ്റൊരാള്‍ക്ക് പ്രവര്‍ത്തിക്കണമെന്നില്ലെന്നും ഷെറി വീഡിയോയില്‍ പറയുന്നുണ്ട്.
Also read: രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍