
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് എപ്പോഴും ഒരു സഹായമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കട്ട് ഫ്രൂട്ട്‌സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുമ്പോഴാണ് ഒരു യൂട്യൂബർ ഓൺലൈനിലൂടെ കട്ട് ചെയ്ത മാതളം ഓർഡർ ചെയ്ത അനുഭവം പങ്കുവച്ചത്. പാക്കറ്റ് തുറന്നു മാതളം വായില്‍ വെച്ചപ്പോള്‍ നെയിൽ പോളിഷിന്‍റെ രുചിയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. സംദിഷ് ഭാട്ടിയ എന്ന ഉപയോക്താവാണ് മാതളത്തിന്‍ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സ്വിഗ്ഗി ഇൻസ്‌റ്റാമാർട്ട് എന്ന ഗ്രോസറി ആപ്പിലൂടെ ആണ് മാതളം വാങ്ങിയതെന്നും പോസ്റ്റില്‍ പറയുന്നു.
'ഞാനിത് നിസാരമായി പറയുന്നില്ല. ഒരു സ്പൂണെടുത്ത് വായിലിട്ടപ്പോൾ തന്നെ എനിക്ക് പരിചിതമായ എന്തോ ഒരു മണവും രുചിയും അനുഭവപ്പെട്ടു. അതേ അത് നെയില്‍ പോളിഷിന്‍റെ ആയിരുന്നു'- പോസ്റ്റിൽ പറയുന്നു. നെയിൽ പോളിഷ് ചേർത്ത് മാതളം ചുവപ്പ് നിറമാക്കാൻ ശ്രമിച്ചതായും അയാള്‍ കുറിച്ചു. 24 മണിക്കൂറിനുള്ളിൽ ഈ പോസ്റ്റിന് 55,000-ലധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു.
അതേസമയം പരാതിക്കാരനെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നാണ് അർബൻ ഹാർവെസ്റ്റ് എന്ന കമ്പനി പറയുന്നത്. 'ഉപഭോക്താവ് ശ്രീ സംദിഷ് ഭാട്ടിയയെ ബന്ധപ്പെടാനും അവരുടെ ആശങ്കകൾ നേരിട്ട് പരിഹരിക്കാനും ഞങ്ങൾ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ, പരാതി പോസ്റ്റ് ചെയ്തതിന് ശേഷം അവരിൽ നിന്ന് ഞങ്ങൾക്ക് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല' - കമ്പനി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞതു ഇങ്ങനെ.
Also Read: വൈറലായി ഓറിയോ ഫ്രൈഡ് റൈസ്; ചോറിനോട് വേണോ ഈ ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ