
ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികളെ ഒരുമിപ്പിക്കുക എന്നതാണ് പാചക പരീക്ഷണങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്.
അത്തരത്തിലുള്ള ഒരു വിചിത്രമായ ഫുഡ് കോംബോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഓറിയോ ഫ്രൈഡ് റൈസ് ആണ് ഇവിടത്തെ താരം.
ഓറിയോ ബിസ്കറ്റും ഫ്രൈഡ് റൈസും ചേര്‍ത്താണ് ഇവിടത്തെ ഈ പരീക്ഷണം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ ഓറിയോ ഫ്രൈഡ് റൈസിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ആദ്യം എണ്ണ ചൂടാക്കിയതിന് ശേഷം കുറച്ച് ഓറിയോ ബിസ്‌ക്കറ്റുകള്‍ അതിലേയക്ക് ചേര്‍ക്കും. ബിസ്‌ക്കറ്റ് നന്നായി പൊടിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുന്നു. ഇനി ഇതിലേയ്ക്ക് വേവിച്ച പ്ലെയിൻ റൈസ് ചേർത്ത് കുറച്ചു നേരം വറുക്കും. അരി നന്നായി വറുത്ത ശേഷം, നിറം മാറിയപ്പോൾ, ഇതിലേയ്ക്ക് കുറച്ച് പച്ചക്കറികളും ഉപ്പ് ചേർത്തു. ശേഷം സോയാ സോസ് ചേര്‍ത്ത് നന്നായി ഇളക്കുന്നതോടെ ഓറിയോ ഫ്രൈഡ് റൈസ് റെഡി.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. ചിലര്‍ ഇത് രുചികരമാണെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഫ്രൈഡ് റൈസിനെ നശിപ്പിക്കരുതെന്നും, ചോറിനോട് വേണോ ഈ ക്രൂരതയെന്നുമൊക്കെയാണ് കമന്‍റുകള്‍. ഇത് ആദ്യമായല്ല ഓറിയോ കൊണ്ട് പരീക്ഷണം നടത്തുന്നത്. ഓറിയോ പിസയും ഇത്തരത്തില്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒരാള്‍ പിസയുടെ ഒരു കഷ്ണം മുറിച്ചെടുക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മുകളില്‍ ഓറിയോ ബിസ്കറ്റുകളും ചോക്ലേറ്റ് ചിപ്സും ഉള്ളില്‍ ഒലിച്ചിറങ്ങുന്ന ചോക്ലേറ്റും വീഡിയോയില്‍ വ്യക്തമാണ്. പിസ ഇയാള്‍ ഞെക്കുമ്പോള്‍ തന്നെ ചോക്ലേറ്റ് ഒഴുകുകയായിരുന്നു.