
സൂറിച്ച്: തെക്കേ അമേരിക്കയിലെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2026 ലോകകപ്പിലേക്കുളള കൂടുതല്‍ ടീമുകളുടെ ചിത്രം തെളിഞ്ഞു. പതിനെട്ട് ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീരാജ്യങ്ങള്‍ സംയുക്ത വേദിയാവുന്ന 2026ലെ ഫിഫ ലോകകപ്പില്‍ കളിക്കുക 48 ടീമുകളാണ്. ഖത്തര്‍ ലോകകപ്പിനേക്കാള്‍ പതിനാറ് ടീമുകള്‍ കൂടുതലുണ്ട് ഇത്. തെക്കേ അമേരിക്കയിലെ യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 2026 ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത് ആറ് ടീമുകള്‍.
അര്‍ജന്റീന, ഇക്വഡോര്‍, കൊളംബിയ, ഉറുഗ്വെ, ബ്രസീല്‍, പരാഗ്വെ എന്നിവര്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബൊളിവിയ പ്ലേ ഓഫില്‍ കളിക്കും. ചിലി തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിനില്ല. പെറുവും വെനസ്വേലയുമാണ് പുറത്തായ മറ്റ് ടീമുകള്‍. വടക്കേ അമേരിക്കയില്‍ നിന്ന് ആതിഥേയരായ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവരും ഓഷ്യാനിയ മേഖലയില്‍ നിന്ന് ന്യൂസിലന്‍ഡും ഇടമുറപ്പാക്കി. എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യതയുളള ഏഷ്യയില്‍ നിന്ന് ജപ്പാന്‍, ഇറാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവര്‍ സ്ഥാനമുറപ്പാക്കി.
മൊറോക്കോ, ടുണീഷ്യ എന്നിവരാണ് ഒന്‍പത് ടീമുകള്‍ക്ക് നേരിട്ട് യോഗ്യതയുള്ള ആഫ്രിക്കയില്‍ നിന്ന് ടിക്കറ്റ് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിന് തുടക്കമായ യൂറോപ്പില്‍നിന്ന് ലോകകപ്പിനെത്തുക പതിനാറ് ടീമുകള്‍. യൂറോപ്പ് ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ നിന്ന് പ്ലേ ഓഫിലെത്തുന്ന ആറുടീമുകളില്‍ രണ്ടുപേരും ലോകകപ്പില്‍ കളിക്കാനെത്തും. 2026 ജൂണ്‍ പതിനൊന്ന് മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ്. ടീമുകള്‍ വര്‍ധിച്ചതോടെ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണം 64ല്‍ നിന്ന് 104 ആയി ഉയരും.
അജന്റീനയ്ക്ക് നഷ്ടം
2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. രണ്ടു വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്. ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.