ഫിഫ റാങ്കിംഗില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, ഒന്നാം സ്ഥാനം നഷ്ടമാകും; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ അവകാശി

Published : Sep 11, 2025, 08:52 AM IST
Argentina football team

Synopsis

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനോട് തോൽവി നേരിട്ടതിനെ തുടർന്ന് ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകും. പുതിയ റാങ്കിംഗിൽ സ്പെയിൻ ഒന്നാമതും ഫ്രാൻസ് രണ്ടാമതും എത്തുമ്പോൾ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

സൂറിച്ച്: 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ പുറത്തിറക്കുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. രണ്ടു വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.

ഇംഗ്ലണ്ട്, പോര്‍ട്ടുഗല്‍, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ക്രോയേഷ്യ, ഇറ്റലി എന്നിവരാണ് നാല് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. ഫിഫ മത്സരങ്ങള്‍ക്ക് 25 പോയിന്റും സൗഹൃദ മത്സരങ്ങള്‍ക്ക് അഞ്ച് പോയിന്റുമാണ് റാങ്കിംഗില്‍ കിട്ടുക. പുതിയ റാങ്കിംഗ് വരുമ്പോള്‍ ഇന്ത്യയും മുന്നേറാന്‍ സാധ്യത ഏറെയാണ്. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു ടീം. അവസാനം വന്ന റാങ്കിംഗില്‍ ആറ് സ്ഥാനം നഷ്ടമായ ഇന്ത്യ 133ആം റാങ്കിലേക്ക് വീണിരുന്നു. സമീപ കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്.

ഏഷ്യന്‍ റാങ്കിങ്ങില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യ. 2016 ഡിസംബറില്‍ 135-ാം സ്ഥാനത്തായതാണ് ഇതിന് മുന്‍പത്തെ മോശം പ്രകടനം. 97-ാം സ്ഥാനം വരെ ഉയര്‍ന്ന ഇന്ത്യക്ക് തുടര്‍ച്ചയായ തോല്‍വികളാണ് തിരിച്ചടിയായത്. ഖാലീദ് ജമീല്‍ വരുന്നതിന് മുമ്പ് അവസാന പതിനാറ് മത്സരത്തില്‍ നിന്ന് ഇന്ത്യ ഒറ്റക്കളിയില്‍ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ച് മനോലോ മാര്‍ക്വേസ് അടുത്തിടെ സ്ഥാനം ഒഴിഞ്ഞിരുന്നു. എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

2024ല്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ പിന്‍ഗാമിയായാണ് ഐഎസ്എല്ലില്‍ എഫ് സി ഗോവയുടെ പരിശീലകന്‍ കൂടിയായിരുന്നു മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ആദ്യ സീസണില്‍ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാര്‍ക്വേസ് വഹിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്
കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും