ട്രാൻസ്‌ഫർ ജാലകം അടയ്ക്കാൻ മണിക്കൂറുകൾ മാത്രം; വീണ്ടും അവസാന നിമിഷ ട്വിസ്റ്റ്? എന്താവും റൊണാൾഡോയുടെ ഭാവി

By Web TeamFirst Published Aug 31, 2022, 9:13 AM IST
Highlights

പ്രൊഫഷണൽ കരിയറിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നുപോവുന്നത്

മാഞ്ചസ്റ്റര്‍: ലോകം ഉറ്റുനോക്കിയ സമ്മർ ട്രാൻസ്‌ഫർ ജാലകം അടയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്താവുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. അവസാന നിമിഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീവ്രശ്രമത്തിലാണ് റൊണാൾഡോ.

പ്രൊഫഷണൽ കരിയറിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മുപ്പത്തിയേഴുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നുപോവുന്നത്. സീസൺ തുടങ്ങും മുൻപ് മാ‌ഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമം തുടങ്ങിയ റൊണാൾഡോയ്ക്ക് ഇതുവരെ പുതിയ ക്ലബ് കണ്ടെത്താനായിട്ടില്ല. യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായതും പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ വേണ്ടത്ര പരിഗണന കിട്ടാത്തതുമാണ് റൊണാൾഡോയെ ടീം വിടാൻ പ്രേരിപ്പിക്കുന്നത്. നാളെയാണ് പ്രീമിയർ ലീഗിലെ സമ്മർ ട്രാൻസ്ഫർ ജാലകം അടയ്ക്കുക. ഇതിന് മുൻപ് സൂപ്പർ താരത്തിന് പുതിയ തട്ടകം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സൂപ്പർ ഏജന്‍റ് ജോർഗെ മെൻഡസ്. 

റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ചെൽസി, ബൊറൂസ്യ ഡോർട്ട്മുണ്ട്, പിഎസ്‌ജി, അത്‍ലറ്റിക്കോ മാഡ്രിഡ് ക്ലബുകൾ റൊണാൾഡോയ്ക്ക് മുന്നിൽ വാതിലടച്ചിരുന്നു. ട്രാൻസ്ഫർ തുകയും ഉയർന്ന പ്രതിഫലവും പ്രായക്കൂടുതലുമാണ് കൂടുമാറ്റത്തിന് തടസമായി നിൽക്കുന്നത്. ഇറ്റാലിയൻ ക്ലബുകളായ നാപ്പോളി, എ സി മിലാൻ എന്നിവരുമായാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ചെൽസിയുമായി രണ്ടാംവട്ട ചർച്ചയും തുടങ്ങിയിട്ടുണ്ട്. വലിയതോതിൽ പ്രതിഫലം കുറച്ചാൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിലേക്ക് മടങ്ങാനുള്ള വഴിയുമുണ്ട്. വരുന്ന ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രാൻസ്ഫർ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ റൊണാൾഡോയ്ക്ക് മനസില്ലാമനസോടെ യുണൈറ്റഡിൽ തുടരേണ്ടിവരും. പ്രീമിയർ ലീഗിലെ അവസാന രണ്ട് കളിയിലും റൊണാൾഡോയെ പകരക്കാരനായാണ് എറിക് ടെൻ ഹാഗ് കളിപ്പിച്ചത്. 

കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി യുവന്‍റസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കുറേ നാളുകളായി ടീം വിടാനുള്ള ശ്രമത്തിലാണ്. സിആ7ന് ഒരു വർഷം കൂടി കരാർ യുണൈറ്റഡില്‍ അവശേഷിക്കുന്നുണ്ട്.

ഇത്തവണ ഫിഫ ലോകകപ്പ് യൂറോപ്പിലെത്തില്ല; വിജയികളെ പ്രവചിച്ച് മുന്‍ ജര്‍മന്‍ താരം യുര്‍ഗന്‍ ക്ലിന്‍സ്മാന്‍

click me!