
മുംബൈ: ഫിഫ ലോകകപ്പ് ഫൈനല്‍ കാണാന്‍ മുംബൈയിലെ ഒരു ക്ലബിലെത്തിയ കുടുംബത്തിലെ മൂന്ന് വയസുകാരന്‍ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കുടുബത്തോടൊപ്പം ഫ്രാന്‍സ്-അര്‍ജന്‍റീന ഫൈനല്‍ ഇവിടെ കാണാനെത്തിയ കുട്ടി ശുചിമുറിയിൽ നിന്ന് മടങ്ങിവരവെ കോണിപ്പടിക്ക് ഇടയിലൂടെ താഴേക്ക് തെന്നി വീഴുകയായിരുന്നു എന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.
11 വയസുകാരനായ മറ്റൊരു കുട്ടിയാണ് മൂന്ന് വയസുകാരന്‍ അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. ഗുരുതമായി പരിക്കേറ്റ കുട്ടിയെ കുടുംബാംഗങ്ങളും ക്ലബിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും സാരമായി പരിക്കേറ്റിരുന്നു. പതിനൊന്ന് വയസുകാരന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കുട്ടിയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടത് നിര്‍ണായകമായി. ചൗമെനിയുടെ ഷോട്ട് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോവുകയും ചെയ്തു എക്‌സ്ട്രാ ടൈമിന്‍റെ അവസാന നിമിഷം വമ്പന്‍ സേവുമായും എമി തിളങ്ങി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം ഇതോടെയാണ് 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയത്.
അതേസമയം ഫുട്ബോള്‍ ലോകകപ്പ് കിരീടവുമായി ലിയോണല്‍ മെസിയും സംഘവും അർജന്‍റീനയിലെത്തി. ബ്യൂണസ് അയേഴ്സ് വിമാനത്താവളത്തിൽ നിന്ന് തുറന്ന ബസിലാണ് ടീം ഫുട്ബോൾ അസോസിയേഷൻ ആസ്ഥാനത്തേക്ക് പോയത്. ലക്ഷക്കണക്കിന് പേര്‍ മെസിയെയും സംഘത്തെയും വരവേൽക്കാൻ എത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!