
ദില്ലി: ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസും. എന്നാൽ സാവിയുടെ അപേക്ഷ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പരിഗണിച്ചില്ല. സ്പാനിഷ് കോച്ച് മനോലോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) ഇന്ത്യൻ സീനിയർ ടീമിന് പുതിയ പരിശീലകനെ തേടാൻ തുടങ്ങിയത്. 170 അപേക്ഷകളായിരുന്നു പരിശീലക സ്ഥാനത്തേക്ക് കിട്ടിയത്.
ഇതിലാണ് ബാഴ്സലോണയുടെ ഇതിഹാസ താരവും പരിശീലകനും ആയിരുന്ന സാവി ഹെർണാണ്ടസും ഉൾപ്പെട്ടത്. എന്നാൽ സാവിയുടെ അപേക്ഷ പരിഗണിച്ചില്ല. സ്പാനിഷ് കോച്ചിന്‍റെ ഉയർന്ന പ്രതിഫലം താങ്ങാൻ കഴിയാത്തതിനാലാണ് അപേക്ഷ പരിഗണിക്കാതിരുന്നതെന്ന് എ ഐ എഫ് എഫിന്‍റെ ടെക്നിക്കൽ കമ്മിറ്റി അംഗവും മുൻതാരവുമായ സുബ്രതോ പോൾ വെളിപ്പെടുത്തി.
ബാഴ്സയിൽ 505 മത്സരങ്ങളിൽ കളിച്ച് സാധ്യമായ കിരീടങ്ങൾ എല്ലാം നേടിയിട്ടുള്ള സാവി സ്പെയ്നൊപ്പം ലോകകപ്പും യൂറോ കപ്പും സ്വന്തമാക്കി. പിന്നീട് പരിശീകനായി ബാഴ്സയിലേക്ക് തിരിച്ചെത്തി. ബാഴ്സ വിട്ടശേഷം സാവി ചുമതലയൊന്നും ഏറ്റെടുത്തിട്ടില്ല. ഇതിനിടെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സ്വന്തം ഇമെയിൽ ഐഡിയിൽ നിന്ന് സാവി അപേക്ഷ നൽകിയത്. സാവിക്കൊപ്പം ലിവർപൂൾ ഇതിഹാസങ്ങളായ റോബി ഫൗളർ, ഹാരി ക്യൂൾ, ബ്ലാക്ബേൺ റോവേഴ്സിന്റെ മുൻ കോച്ച് സ്റ്റീവ് കീൻ തുടങ്ങിയവരും ഇന്ത്യൻ കോച്ചാവാൻ അപേക്ഷ നൽകിയിരുന്നു.
ഇവരെയെല്ലാം തഴഞ്ഞ് ജാംഷഡ്പൂർ എഫ്.സി കോച്ച് ഖാലിദ് ജമീൽ, ഇന്ത്യയുടെ മുൻ കോച്ചായിരുന്ന സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യയുടെ മുൻകോച്ച് സ്റ്റെഫാൻ ടർകോവിച് എന്നിവരടങ്ങിയ ചുരുക്കപ്പട്ടികയാണ് ടെക്നിക്കൽ കമ്മിറ്റി എ ഐ എഫ് എഫിന് നൽകിയത്. ഇവരിൽ ഒരാളായിരിക്കും ഇന്ത്യയുടെ അടുത്ത പരിശീലകൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!