
മാഡ്രിഡ്: ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്ത വർഷം മാർച്ച് മാസം നടക്കും. മാർച്ച് 23മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും, മത്സരത്തിനായി തെരഞ്ഞെടുക്കും. അർജന്‍റീന-സ്പെയിൻ സൂപ്പർ പോരാട്ടത്തിന്‍റെ വേദി എവിടെയാകും എന്ന് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
രണ്ട് മാസം മുൻപ് അർജന്‍റീന-സ്പെയിൻ ഫുട്ബോൾ ഫെഡറേഷനുകൾ പരാഗ്വേയിൽ നിർണായക യോഗം ചേർന്നിരുന്നു. കോപ്പ അമേരിക്ക ചാമ്പ്യന്മാരും, യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ. മുമ്പ് യൂറോപ്യൻ-ലാറ്റിനമേരിക്കന്‍ നേഷൻസ് കപ്പ് എന്ന പേരിലറിയപ്പെട്ടിരുന്ന മത്സരം 2022ലാണ് ഫൈനലിസിമ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നിലവിൽ അർജന്‍റീനയാണ് ജേതാക്കൾ. മത്സര വേദിക്കായി ബാഴ്സലോണയുടെ ക്യാംപ് നൗ, സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.
നവീകരിച്ച ക്യാംപ് നൗവിൽ ഇതിഹാസ താരം ലിയോണൽ മെസിക്ക് യാത്രയയപ്പ് നൽകാൻ കൂടിയാണ് ബാഴ്സലോണയുടെ നീക്കം. ബാഴ്സലോണയുടെ പുതിയ പത്താം നമ്പർ താരം, ലമീൻ യമാൽ മെസിക്കെതിരെ കളിക്കാൻ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഫൈനലിസിമ പോരാട്ടത്തിനുണ്ട്. 2022ലാണ് യൂറോ ചാമ്പ്യൻമാരും കോപ അമേരിക്ക ചാമ്പ്യൻമാരും തമ്മിലുള്ള ആദ്യ ഫൈനലിസിമ പോരാട്ടം ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്നത്. യൂറോ ചാമ്പ്യൻമാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി അര്‍ജന്‍റീന ഫൈനലിസിമ കിരീടം നേടിയിരുന്നു. പിന്നീടായിരുന്നു അര്‍ജന്‍റീനയുടെ ലോകകപ്പ് വിജയം. അതിനുശേഷം അര്‍ജന്‍റീന വീണ്ടും കോപ ചാമ്പ്യൻമാരും സ്പെയിന്‍ യൂറോപ്യന്‍ ചാമ്പ്യൻമാരുമായെങ്കിലും ഫൈനലിസിമ പോരാട്ടം നടന്നിരുന്നില്ല. 2026ലെ ഫുട്ബോൾ ലോകകപ്പ് തുടങ്ങാന്‍ 80 ദിസവം മാത്രം ബാക്കിയിരിക്കെയാണ് ഫൈനലിസിമ പോരാട്ടവും നടക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!