
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍-ടോട്ടനം മത്സരം അവസാനിച്ചത് ഫുട്ബോള്‍ ലോകത്തിന്‍റെ കണ്ണീരോടെ. മത്സരത്തിനിടെ 79-ാം മിനുറ്റില്‍ ടോട്ടനം സ്‌ട്രൈക്കര്‍ സോണ്‍ ഹിയുങ്ങിന്‍റെ ടാക്കിളില്‍ വലത് കാല്‍ക്കുഴയ്‌ക്ക് പൊട്ടലേറ്റ എവര്‍ട്ടന്‍ മധ്യനിര താരം ആന്ദ്രേ ഗോമസാണ് ഏവരെയും കരയിപ്പിച്ചത്. ഗോമസ് മൈതാനത്ത് കിടന്ന് വേദനകൊണ്ട് പുളയുന്നത് ഗുഡിസണ്‍ പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെയും കണ്ണുനിറച്ചു.
ഗോമസിനെ ശുശ്രൂഷിക്കാന്‍ ഇരു ടീമിലെയും താരങ്ങള്‍ മൈതാനത്ത് ഒത്തുകൂടി. സഹതാരങ്ങള്‍ക്കും എതിര്‍ ടീമംഗങ്ങള്‍ക്കും ആ കാഴ്‌ച ഹൃദയഭേദകമായി. ഉടന്‍ തന്നെ മെഡിക്കല്‍ സംഘവും മാച്ച് ഒഫീഷ്യല്‍സുമെത്തി ഗോമസിനെ ആശുപത്രിയിലേക്ക് മാറ്റി. എവര്‍ട്ടന്‍ മെഡിക്കല്‍ സംഘത്തിന്‍റെ അകമ്പടിയോടെയാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടകരമായ ടാക്കിളിന് സോണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. എന്നാല്‍ ഗോമസിന്‍റെ നിലവിളിയില്‍ സോണ്‍ നിലവിട്ട് കരയുന്നതിനും സ്റ്റേഡിയം മൂകസാക്ഷിയായി. സോണിനെ ആശ്വസിപ്പിക്കാന്‍ എവര്‍ട്ടന്‍ താരങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും വരെ ഇടപെടേണ്ടിവന്നു. എന്നിട്ടും കരഞ്ഞുകൊണ്ട് മുഖംപൊത്തിയാണ് സോണ്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.
കാല്‍ക്കുഴക്ക് ഗുരുതരമായ പൊട്ടലേറ്റ ഗോമസിനെ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാക്കുമെന്ന് ക്ലബ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഗോമസിന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും. വേഗം സുഖംപ്രാപിക്കാന്‍ സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരും ഗോമസിന് ആശംസകള്‍ അറിയിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!