
ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനലിലെ സ്പെയിനിനെതിരായ തോൽവിക്കുശേഷം അർജന്‍റീനിയൻ ജനതയ്ക്കും ദേശീയ ടീമിനുമെതിരെ ആഗോളതലത്തിൽ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർമൈലി ഒപ്പുവെച്ചു.
രാജ്യത്തിന്‍റെയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ല, എന്ന് ഉത്തരവിറക്കിക്കൊണ്ട് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് 1-0 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് അർജന്‍റീനയ്‌ക്കെതിരെ ആഗോളതലത്തിൽ വൻ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ടൂർണമെന്‍റിലുടനീളം ഫിഫ അർജന്‍റീനയോട് പക്ഷപാതിത്വം കാണിച്ചെന്ന ആരോപണങ്ങളും, കളിക്കാരുടെ കടുത്ത കളിരീതിയും ആരാധകരുടെ പെരുമാറ്റവും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മത്സരശേഷം സ്പെയിൻ കളിക്കാരുമായി അർജന്‍റീന താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഏറ്റുമുട്ടിയ സംഭവത്തിൽ ഫിഫ നിലവിൽ അന്വേഷണം നടത്തിവരികയാണ്. കൂടാതെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന് ശേഷം അർജന്‍റീന താരങ്ങൾ 'ഫോക്ക്‌ലാന്റ് ദ്വീപ്' ബാനർ ഉയർത്തിക്കാട്ടിയതും ഫിഫ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.
രാജ്യത്തിനെതിരെ നടക്കുന്ന നീക്കങ്ങൾ വിദേശ രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ആസൂത്രിത അജണ്ടയാണെന്നാണ് പ്രസിഡന്‍റ് ഹാവിയർ മൈലിയുടെ വാദം. ഇതിന്‍റെ ഭാഗമായി ബ്രസീലിലെ ലുല ഡ സിൽവ സർക്കാരിനെതിരെ മൈലി നടത്തിയ പരാമർശങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കത്തിനും വഴിവെച്ചിട്ടുണ്ട്. അതേസമയം, കുടിയേറ്റ നിയമം കടുപ്പിക്കുന്ന മൈലിയുടെ ഈ ഉത്തരവിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തെത്തി. നിയമത്തിലെ വാചകങ്ങളിലെ വ്യക്തതയില്ലായ്മ ആശയപ്രകടന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും, വിമർശനങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും അധികൃതർ എങ്ങിനെ തരംതിരിക്കുമെന്നും പ്രതിപക്ഷ ജനപ്രതിനിധി മാക്സിമിലിയാനോ ഫെറാറോ ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!