കൻസാസ് സിറ്റി: ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന സെമി ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് നാളെ വീണ്ടുമിറങ്ങുന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡാണ് മെസിയുടെയും സംഘത്തിന്‍റെയും എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം. നെഞ്ചിടിപ്പേറ്റിയ പ്രീക്വാർട്ടർ കടമ്പകൾ കടന്നാണ് അർജന്‍റീനയുടെ വരവ്. എന്നാൽ തീർത്തും വ്യത്യസ്തമായ കളിശൈലിയുമായി എത്തുന്ന സ്വിസ് പടയ്ക്കെതിരെ ലയണൽ സ്കലോണിക്കും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ല.
നോക്കൗട്ട് ഘട്ടത്തിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിറച്ചെങ്കിലും ലോകചാമ്പ്യന്മാരുടെ പോരാട്ടവീര്യം സ്വിറ്റ്സർലൻഡിന്‍റെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. അതിനെല്ലാമുപരിയായി ഒരൊറ്റപ്പേരിലാണ് അർജന്‍റീനയുടെ സർവ്വ പ്രതീക്ഷകളു ലിയോണൽ മെസി. മിശിഹ കളിക്കളത്തിൽ ഉള്ളിടത്തോളം അർജന്‍റീനയ്ക്ക് അസാധ്യമായി ഒന്നുമില്ല. കഴിഞ്ഞ മത്സരങ്ങളിൽ കാബോ വെർദെയെയും ഈജിപ്തിനെയും അർജന്‍റീന തരിപ്പണമാക്കിയത് മെസിയുടെ തകർപ്പൻ ഫോമിന്‍റെ കരുത്തിലായിരുന്നു. ഇറങ്ങിയ മത്സരങ്ങളിലെല്ലാം ഗോളടിച്ചുകൂട്ടുന്ന മെസിയെ പൂട്ടുക എന്നത് സ്വിസ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും.
ചരിത്രവും അർജന്റീനയ്ക്ക് ഒപ്പമാണ്. ഇരുടീമുകളും നേർക്കുനേർ വന്ന ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും സ്വിറ്റ്സർലൻഡിന് അർജന്‍റീനയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന റെക്കോർഡും സ്വിസ് പടയ്ക്ക് കനത്ത സമ്മർദ്ദമുണ്ടാക്കും. മെസിയുടെ കാലുകളിലേക്ക് പന്തെത്തുന്നത് പരമാവധി തടയുക, അർജന്‍റീനയുടെ ഒഴുക്കുള്ള കളിക്ക് തടസ്സമിടുക എന്ന തന്ത്രമാകും സ്വിറ്റ്സർലൻഡ് പുറത്തെടുക്കുക. അതോടൊപ്പം മിന്നൽ പ്രത്യാക്രമണങ്ങളിലൂടെ അർജന്‍റീനയെ ഞെട്ടിക്കാനും അവർ പദ്ധതിയിടുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ കാബോ വെർദെയും ഈജിപ്തും അർജന്‍റീനയുടെ പ്രതിരോധ നിരയുടെ ദൗർബല്യങ്ങൾ കൃത്യമായി തുറന്നുകാട്ടിയിരുന്നു. ഈ വിടവുകളിലൂടെ സ്വിസ് മുന്നേറ്റനിര നുഴഞ്ഞുകയറിയാൽ കാര്യങ്ങൾ കടുപ്പമാകും. അതേസമയം, പരിക്കിന്‍റെ പിടിയിലായിരുന്ന സ്വിസ് പ്ലേമേക്കർ യോഹാൻ മൻസംബി നാളത്തെ മത്സരത്തിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തേണ്ടത് സ്വിറ്റ്സർലൻഡിന് ഏറെ അനിവാര്യമാണ്. ലിയോണൽ മെസിയെ നിശബ്ദനാക്കി സ്വിറ്റ്സർലൻഡ് ചരിത്രം തിരുത്തുമോ, അതോ ലോകചാമ്പ്യന്മാരുടെ കുതിപ്പ് കൻസാസ് സിറ്റിയിലും തുടരുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!