ബോറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന കാലത്ത് വിട്ടുമാറാത്ത പേശി പരിക്കുകൾ ഹാലണ്ടിനെ അലട്ടിയിരുന്നു. ആ സമയത്താണ് ഹാലണ്ടിന്‍റെ പിതാവും മുൻ താരവുമായ ആൽഫ് ഇൻഗെ ഹാലണ്ട് വഴി ജോൺ ഹദ്ദാദിനെ പരിചയപ്പെടുന്നത്.
ലണ്ടൻ: ലോക ഫുട്ബോളിൽ ഏറ്റവും പ്രഹരശേഷിയുള്ള സ്ട്രൈക്കര്‍മാരിലൊരാളായ എർലിങ് ഹാലണ്ടിന്‍റെ കരിയറിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുടെയും നോർവേയുടെയും പരിശീലകരെ കൂടാതെ മറ്റൊരു അത്ഭുത മനുഷ്യൻ കൂടിയുണ്ട്. പരിക്കുകളാൽ വലയുമ്പോൾ ഇംഗ്ലണ്ടിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളെപ്പോലും ഉപേക്ഷിച്ച് ഹാലണ്ട് പറക്കുന്നത് സ്പെയിനിലേക്കോ ലെബനാനിലേക്കോ ആണ്. അവിടെ ഹാലണ്ടിനെ കാത്തിരിക്കുന്ന 'മിറാക്കിൾ മാൻ' ആരാണ്? ഫുട്ബോൾ ലോകത്തെ ഈ വലിയ രഹസ്യം ഇപ്പോൾ പുറത്തുവരികയാണ്. ഫുട്ബോൾ ലോകത്ത് 'മിറാക്കിൾ മാൻ' എന്നും 'ദ ഫിക്സർ' എന്നും അറിയപ്പെടുന്ന ബയോമെക്കാനിക്സ് വിദഗ്ദ്ധൻ ജോൺ ഹദ്ദാദ് ആണ് ഹാലണ്ടിന്‍റെ ആത്മവിശ്വാസം.
ആരാണ് ജോൺ ഹദ്ദാദ്?
ബോറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന കാലത്ത് വിട്ടുമാറാത്ത പേശി പരിക്കുകൾ ഹാലണ്ടിനെ അലട്ടിയിരുന്നു. ആ സമയത്താണ് ഹാലണ്ടിന്‍റെ പിതാവും മുൻ താരവുമായ ആൽഫ് ഇൻഗെ ഹാലണ്ട് വഴി ജോൺ ഹദ്ദാദിനെ പരിചയപ്പെടുന്നത്. പരമ്പരാഗത ഫിസിയോതെറാപ്പിയിൽ നിന്ന് മാറി, മനുഷ്യശരീരത്തിന്‍റെ ബയോമെക്കാനിക്സിനെയും പ്രകൃതിദത്തമായ രോഗശാന്തിയെയും അടിസ്ഥാനമാക്കിയുള്ളതാണ് ഹദ്ദാദിന്‍റെ ചികിത്സ. സ്പെയിനിലെ മാർബെല്ലയിലും ലെബനാനിലുമാണ് ഇദ്ദേഹത്തിന്‍റെ പ്രധാന ക്ലിനിക്കുകൾ.
ഹാലണ്ടിനെ 'റോബോട്ട്' ആക്കിയ അത്ഭുത രീതികൾ
ഹാലണ്ടിന്‍റെ അതിവേഗ തിരിച്ചുവരവിന് പിന്നിൽ ഹദ്ദാദിന്‍റെ ചില അത്ഭുതകരമായ തന്ത്രങ്ങളുണ്ട്. ഹാലണ്ട് ഉറങ്ങുന്നതിന് മുൻപ് ധരിക്കുന്ന പ്രത്യേക ചുവപ്പ് കണ്ണടകൾ ഡിസൈൻ ചെയ്തത് ഹദ്ദാദാണ്. സ്‌ക്രീനുകളിൽ നിന്നുള്ള നീലവെളിച്ചത്തെ തടയുന്ന ഈ കണ്ണടകൾ താരത്തിന് മികച്ച ഉറക്കവും വേഗത്തിലുള്ള കോശവളർച്ചയും ഉറപ്പാക്കുന്നു. ഹാലണ്ടിന്‍റെ ഓട്ടത്തിന്‍റെ ശൈലി പോലും ഹദ്ദാദിന്‍റെ നിർദ്ദേശപ്രകാരം മാറ്റിയെഴുതിയിട്ടുണ്ട്. ഇത് സന്ധികളിലെയും പേശികളിലെയും അമിത സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു. കൃത്രിമ മരുന്നുകളേക്കാൾ ഉപരിയായി, സൂര്യപ്രകാശം, കടൽ വെള്ളം, കൃത്യമായ വിശ്രമം എന്നിവയിലൂടെ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. അദ്ദേഹം വെറുമൊരു ഫിസിയോ അല്ല, എന്‍റെ ശരീരത്തെ എന്നേക്കാൾ നന്നായി മനസ്സിലാക്കുന്ന ആളാണ്- ജോൺ ഹദ്ദാദിനെക്കുറിച്ച് ഹാലണ്ടിന്‍റെ വാക്കുകള്‍.
മാഞ്ചസ്റ്റർ സിറ്റിയിൽ ലോകോത്തര മെഡിക്കൽ ടീമുകൾ ഉണ്ടായിട്ടും ഹാലണ്ട് ഇന്നും ഹദ്ദാദിന്‍റെ സേവനം തേടുന്നത് അദ്ദേഹത്തിന്‍റെ ചികിത്സാ രീതിയിലുള്ള വിശ്വാസം കൊണ്ടാണ്. പരിക്കുകളിൽ നിന്ന് റെക്കോർഡ് വേഗത്തിൽ മോചിതനായി ഹാലണ്ട് വീണ്ടും മൈതാനത്ത് വിസ്മയം തീർക്കുമ്പോൾ, അതിനു പിന്നിലെ യഥാർത്ഥ മാന്ത്രികൻ ഈ ലെബനീസ് വിദഗ്ദ്ധൻ തന്നെയാണ്.
