അര്‍ജന്‍റീന ആരാധകര്‍ അങ്കലാപ്പില്‍‍; ടീമിന്‍റെ എഞ്ചിന് പരിക്ക്? സ്ട്രൈക്കറിനും പരിക്കുണ്ടെന്ന് വെളിപ്പെടുത്തൽ

By Web TeamFirst Published Dec 8, 2022, 11:44 AM IST
Highlights

ഡി പോളിന്‍റെ അഭാവത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ്, പരേഡസ്, മക് അലിസ്റ്റര്‍ എന്നിവരടങ്ങുന്ന മിഡ്ഫീല്‍ഡിനെയാണ് പരിശീലകന്‍ ലിയോണല്‍ സ്കലോണി പരീക്ഷിച്ചത്. മെസിക്കൊപ്പം അല്‍വാരസും പരിക്ക് മാറിയെത്തിയ ഡി മരിയയും അടങ്ങുന്ന മുന്നേറ്റ നിരയെയും  സ്കലോണി നിരീക്ഷിച്ചു

ദോഹ: ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സിനെ നേരിടാനുള്ള തയാറെടുപ്പിലാണ് അര്‍ജന്‍റീന. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ അവസാന ലോകകപ്പ് എന്ന് കരുതപ്പെടുന്ന ടൂര്‍ണമെന്‍റില്‍ കപ്പില്‍ കുറഞ്ഞതൊന്നും അര്‍ജന്‍റീന ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും മെക്സിക്കോയെയും പോളണ്ടിനെയും തകര്‍ത്ത് മെസിപ്പട ഒന്നാം സ്ഥാനക്കാരായി തന്നെയാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.

അവസാന 16ല്‍ ഓസ്ട്രേലിയ മറികടന്ന അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ തോല്‍പ്പിച്ച് സെമിയില്‍ കടക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ്. എന്നാല്‍, ടീം ക്യാമ്പില്‍ നിന്ന് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ അര്‍ജന്‍റീന ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം മിഡ്ഫീല്‍ഡ് എഞ്ചിന്‍ റോഡ്രിഗോ ഡി പോളിന് പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകളാണ്. ഇന്നലെ ഡി പോള്‍ ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ കാരണം. പേശികള്‍ക്കാണ് ഡി പോളിന് പരിക്കേറ്റിട്ടുള്ളത്.

ഡി പോളിന്‍റെ അഭാവത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ്, പരേഡസ്, മക് അലിസ്റ്റര്‍ എന്നിവരടങ്ങുന്ന മിഡ്ഫീല്‍ഡിനെയാണ് പരിശീലകന്‍ ലിയോണല്‍ സ്കലോണി പരീക്ഷിച്ചത്. മെസിക്കൊപ്പം അല്‍വാരസും പരിക്ക് മാറിയെത്തിയ ഡി മരിയയും അടങ്ങുന്ന മുന്നേറ്റ നിരയെയും  സ്കലോണി നിരീക്ഷിച്ചു. ഡി പോള്‍ ഡച്ചിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ന് അവസാനഘട്ട പരിശോധനകള്‍ നടത്തിയ ശേഷമേ സ്കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

എന്നാല്‍, ഡി പോളിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എല്ലാം നന്നായി പോകുന്നുവെന്നും ഒരു പുതിയ ഫൈനലിനായി തയാറെടുക്കുകയാണെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം, അര്‍ജന്‍റീനയുടെ മുന്നേറ്റ നിര താരം ലൗട്ടാരോ മാര്‍ട്ടിനസ് കണങ്കാൽ പ്രശ്നം കൈകാര്യം ചെയ്യാൻ വേദനസംഹാരി കുത്തിവയ്പ്പുകൾ എടുക്കുകയാണെന്ന വെളിപ്പെടുത്തലുകളും പുറത്ത് വന്നിട്ടുണ്ട്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും സ്കലോണി ചുമതലയേറ്റ ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ അര്‍ജന്‍റീനയ്ക്കായി നേടിയവരില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് ലൗട്ടാരോ. അദ്ദേഹം കുത്തിവയ്പ്പുകള്‍ എടുക്കുന്നതായി ഏജന്‍റ് അലജാന്ദ്രോ കമാച്ചോയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. 

കോരിത്തരിപ്പിച്ച ഖത്തര്‍! അവസാന എട്ടിൽ ആര്‍ക്ക് മേല്‍ക്കൈ, കണക്കുകള്‍ ആര്‍ക്കൊപ്പം? ചരിത്രം രചിച്ച് മൊറോക്കോ
 

click me!