Ballon d'Or 2021: മഴവില്ലഴകിൽ 'ഗോട്ട്' മെസി;ബാലൻ ഡി ഓർ പുരസ്കാരം നേടി ലോകത്തിന്റെ നെറുകയിൽ, അലക്സിയ വനിതാ താരം

Published : Nov 30, 2021, 02:39 AM ISTUpdated : Nov 30, 2021, 10:25 AM IST
Ballon d'Or 2021: മഴവില്ലഴകിൽ 'ഗോട്ട്' മെസി;ബാലൻ ഡി ഓർ പുരസ്കാരം നേടി ലോകത്തിന്റെ നെറുകയിൽ, അലക്സിയ വനിതാ താരം

Synopsis

ബയേൺ മ്യൂണിക്കിനായി ​ഗോളുത്സവം തീർക്കുന്ന ലെവൻഡോവ്സ്‌കി അവസാന നിമിഷം വരെ മെസിയുമായി മികച്ച പോരാട്ടം തന്നെ നട‌ത്തിയ ശേഷമാണ് രണ്ടാം സ്ഥാനം പേരിൽ കുറിച്ചത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയർത്തി

പാരീസ്: ഫുട്ബോളിന്റെ ആകാശത്ത് മഴവില്ല് വിരിയിച്ച് ലിയോണൽ മെസി (Lionel Messi). ഏഴാം തവണയും ബാലൻ ഡി ഓർ (Ballon d'Or) സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലർച്ചെ  പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അർജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസി അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബാലൻ ഡി ഓർ നേട്ടം പേരിലെഴുതിയിരുന്നു. അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ 2021ലെ ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം നടന്നത്. ബാഴ്‌സലോണയിലും പിഎസ്‌ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോൾ വേട്ടയിൽ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്‌സയിൽ കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസി കോപ്പ ഡെൽറെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്. 

ബയേൺ മ്യൂണിക്കിനായി ​ഗോളുത്സവം തീർക്കുന്ന ലെവൻഡോവ്സ്‌കി അവസാന നിമിഷം വരെ മെസിയുമായി മികച്ച പോരാട്ടം തന്നെ നട‌ത്തിയ ശേഷമാണ് രണ്ടാം സ്ഥാനം പേരിൽ കുറിച്ചത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയർത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോർജീഞ്ഞോ, കരീം ബെൻസേമ, എൻ​ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്. 

അതേസമയം, ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പാ പുരസ്കാരം ബാഴ്സലോണയുടെ സ്പാനിഷ് താരം പെഡ്രി സ്വന്തമാക്കി. മിന്നുന്ന പ്രകടനമാണ് പത്തൊൻപതുകാരനായ പെഡ്രി നടത്തിയിരുന്നത്. രണ്ടാം സ്ഥാനത്ത് ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിം​ഗ്ഹാം എത്തിയപ്പോൾ മൂന്നാമത് ബയേണിന്റെ ജമാൽ മുസൈലയാണ്. ഗോൾ വേട്ടയിൽ ഇതിഹാസ താരം ഗെർഡ് മുള്ളറിന്‍റെ റെക്കോർഡുകൾ പോലും കടപുഴക്കി മുന്നേറുന്ന റോബർട്ട് ലെവൻഡോവ്സ്‌കിക്കാണ് ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം ലഭിച്ചത്. ബുണ്ടസ്‍ലി​ഗയിൽ മാത്രം കഴിഞ്ഞ സീസണിൽ 41 ​ഗോളുകളാണ് പോളിഷ് താരം അടിച്ച് കൂട്ടിയത്. 

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാഴ്സലോണയുടെ അലക്സിയ പുട്ടെലാസ് ആണ് സ്വന്തമാക്കിയത്. മധ്യനിര താരമായ അലക്സിയ 26 ​ഗോളുകളാണ് കഴിഞ്ഞ സീസണിൽ നേടിയത്. ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ചെൽസിക്ക് എതിരെ നേടിയ ​ഗോളും ഇതിൽ ഉൾപ്പെടുന്നു.

പുരുഷ വിഭാ​ഗത്തിൽ ഏറ്റവും മികച്ച ​ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി പിഎസ്ജിയുടെ ഇറ്റാലിയൻ കാവൽക്കാരൻ ജിയാൻലുജി ഡോണറുമ പറന്നെടുത്തു. ചെൽസിയുടെ എഡ്വാർഡോ മെൻഡിയെ പിന്തള്ളിയാണ് യുറോ കപ്പിലെ ഇറ്റലിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച ഡോണറുമ പുരസ്കാരത്തിന് അർഹനായത്. എ സി മിലാനിൽ നിന്ന് ഈ സീസണിൽ ആണ് താരം പിഎസ്‍ജിയിൽ എത്തിയത്. ക്ലബ്ബ് ഓഫ് ദി ഇയർ പുരസ്കാരം ചാമ്പ്യൻസ് ലീ​ഗും വുമൺസ് സൂപ്പർ ലീ​ഗും നേടിയ ചെൽസിയാണ് നേടിയത്. ഇതിഹാസ താരമായ ദിദിയർ ദ്രോ​ഗ്ബയും മാധ്യമപ്രവർത്തകയായ സാൻഡി ഹെറിബർട്ടുമാണ് പുരസ്കാരം ചടങ്ങിൽ അവതാരകരായത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച