
പാരീസ്: ഏഴാം തവണയും അര്‍ജന്റൈന്‍ ഇതിഹാസതാരം ലിയോണല്‍ മെസി (Lionel Messi) ബലന്‍ ഡി ഓര്‍ (Ballon d'Or 2021) പുരസ്‌കാരം സ്വന്തമാക്കി. കോപ്പ് അമേരിക്കയില്‍ അര്‍ജന്റീനക്കായി പുറത്തെടുത്ത പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലാ ലിഗയിലെ പ്രകടനവും നിര്‍ണായകമായി. ബയേണ്‍ മ്യൂനിച്ചിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ചെല്‍സിയുടെ ഇറ്റാലിയന്‍ താരം ജോര്‍ജീഞ്ഞോ എന്നിവരെയാണ് മെസി പിന്തള്ളിയത്.
പുരസകാര നേട്ടത്തിനിടയിലും മെസി ലെവന്‍ഡോസ്‌കിയെ അഭിനന്ദിക്കാന്‍ മറന്നില്ല. ഹൃദയത്തില്‍ തൊടുന്ന സന്ദേശമാണ് മെസി പോളണ്ടിന്റെ സ്‌ട്രൈക്കര്‍ക്ക് അയച്ചത്. മെസി പറഞ്ഞതിങ്ങനെ.. ''ലെവന്‍ഡോസ്‌കിയെ കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തോടൊപ്പം മത്സരിക്കാനായാത് വലിയ അംഗീകാരമാണ്. കഴിഞ്ഞ വര്‍ഷം ബലന്‍ ഡി ഓര്‍ പുരസ്‌കാരം നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം നീയാണ് വിജയി എന്ന് എല്ലാവരും സമ്മതിച്ചതാണ്. കോവിഡ് ഇല്ലായിരുന്നു എങ്കില്‍ നിങ്ങളായിരുന്നു ആയിരുന്നു അവിടെ വിജയി. ഒരിക്കല്‍ നിങ്ങളത് നേടുമെന്ന് ഞാന്‍ കരുതുന്നു. താങ്കളുടെ വീട്ടിലും ഒരു ബലന്‍ ഡി ഓര്‍ പുരസ്‌കാരം വേണം.'' മെസി പറഞ്ഞു.
ഈ പുരസ്‌കാരം സ്‌പ്യെലാണെന്നും മസി പറഞ്ഞു. ''രണ്ട് വര്‍ഷം മുമ്പ് നേടിയത് അവസാനത്തേതാകും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇവിടെ വരെ എത്താനായത് ഏറെ സന്തോഷിപ്പിക്കുന്നു. കോപ്പ അമേരിക്ക കിരീടം നേടിയതോടെ ഈ വര്‍ഷം എനിക്ക് വളരെ സ്പെഷ്യലാണ്. ഫൈനലില്‍ മരക്കാനയില്‍ ബ്രസീലിനെതിരെ ജയിക്കാനായതും സന്തോഷം നല്‍കുന്നു. എനിക്ക് മാത്രമല്ല, അര്‍ജന്റീനയിലെ ജനങ്ങളുടെ കൂടെ സന്തോഷമാണത്. നീണ്ട കരിയറാണ് എന്റേത്. വിമര്‍ശനങ്ങള്‍ ഏറെ കേട്ടു. പിന്നാലെ കിരീടം നേടാനായതും സന്തോഷം ഇരട്ടിപ്പിക്കുന്നു.'' മെസി പറഞ്ഞുനിര്‍ത്തി.
ബയേണ്‍ മ്യൂണിക്കിനായി ഗോളുത്സവം തീര്‍ക്കുന്ന ലെവന്‍ഡോവ്‌സ്‌കി അവസാന നിമിഷം വരെ മെസിയുമായി മികച്ച പോരാട്ടം തന്നെ നടത്തിയ ശേഷമാണ് രണ്ടാം സ്ഥാനം പേരില്‍ കുറിച്ചത്. യൂറോ കപ്പും ചാംപ്യന്‍സ് ലീഗും കൈവശമുള്ള കരുത്തില്‍ ജോര്‍ജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോര്‍ജീഞ്ഞോ, കരീം ബെന്‍സേമ, എന്‍ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!