ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്; സീരി എയില്‍ ഇന്ററിന് ജയത്തോടെ തുടക്കം

By Web TeamFirst Published Aug 22, 2021, 9:21 AM IST
Highlights

ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 50 -ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനെസിലൂടെ ബില്‍ബാവോയാണ് ആദ്യം മുന്നിലെത്തിയത്. 75-ാം മിനിറ്റില്‍ മെംഫിസ് ഡിപെ ബാഴ്‌സയുടെ സമനില ഗോള്‍ നേടി.

ബാഴ്‌സലോണ: ലാ ലിഗയിലെ രണ്ടാം മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്. അത്‌ലറ്റിക്കോ ബില്‍ബാവോയാണ് ബാഴ്‌സയെ സമനിലയില്‍ തളച്ചത്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. 50 -ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനെസിലൂടെ ബില്‍ബാവോയാണ് ആദ്യം മുന്നിലെത്തിയത്. 75-ാം മിനിറ്റില്‍ മെംഫിസ് ഡിപെ ബാഴ്‌സയുടെ സമനില ഗോള്‍ നേടി. എറിക് ഗാര്‍സ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

അതേസമയം, റയല്‍ മാഡ്രിഡ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ ലെവാന്റെയാണ് എതിരാളികള്‍. ലെവാന്റെയുടെ മൈതാനത്താണ് മത്സരം. നിലവിലെ ചാംപ്യന്‍മാരായ അത്ലറ്റിക്കോ മാഡ്രിഡ് ഹോം ഗ്രൗണ്ടില്‍ രാത്രി പതിനൊന്നിന്  എല്‍ഷെയെ നേരിടും.

യുവന്റസിന് ഇന്ന് ആദ്യ മത്സരം

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ കിരീടം വീണ്ടെടുക്കാനുള്ള യുവന്റസിന്റെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. യുവസന്റസ് സീസണിലെ ആദ്യ മത്സരത്തില്‍ ഉഡിനീസിനെ നേരിടും. ഉഡിനീസിന്റെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് കളി തുടങ്ങുക. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ തുടരുമെന്ന് കോച്ച് മാസ്സിമിലിയാനോ അലേഗ്രി വ്യക്തമാക്കി. 

നിലവിലെ ചാംപ്യന്മാരായ ഇന്റര്‍ മിലാന്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. എതിരില്ലാത്ത നാല് ഗോളിന് ജെനോവയെയാണ് ഇന്റര്‍ തോല്‍പ്പിച്ചത്. മിലന്‍ സ്‌ക്രിനിയര്‍, ഹകാന്‍ കാഹനൊഗ്ലൂ, അര്‍തുറോ വിദാല്‍, എഡിന്‍ സെക്കോ എന്നിവരാണ് ഇന്ററിന്റെ ഗോള്‍ നേടിയത്. അന്റ്‌ലാന്‍ഡ ഒന്നിനെതിരെ രണ്ട് ടൊറീനോയെ തോല്‍പ്പിച്ചു. 

പ്രീമിയര്‍ ലീഗില്‍ വമ്പന്‍ പോര്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ആഴ്‌സണല്‍ രാത്രി ഒന്‍പതിന് ചെല്‍സിയെ നേരിടും. ആഴ്‌സണലിന്റെ മൈതാനത്താണ് മത്സരം. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണേയും ടോട്ടനം, വോള്‍വ്‌സിനെയും ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെയും നേരിടും.

click me!