റയല്‍ മാഡ്രിഡ് പുറത്ത്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സ- അത്‌ലറ്റിക് ബില്‍ബാവോ ഫൈനല്‍

By Web TeamFirst Published Jan 15, 2021, 12:13 PM IST
Highlights

റൗള്‍ ഗാര്‍സിയയുടെ ഇരട്ട ഗോളുകളാണ് ബില്‍ബാവോയ്ക്ക് വജിയം സമ്മാനിച്ചത്. കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍. 

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സലോണ അത്‌ലറ്റിക് ബില്‍ബാവോയെ നേരിടും. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ബില്‍ബാവോ കലാശപ്പോരിന് യോഗ്യത നേടിയത്. റൗള്‍ ഗാര്‍സിയയുടെ ഇരട്ട ഗോളുകളാണ് ബില്‍ബാവോയ്ക്ക് വജിയം സമ്മാനിച്ചത്. കരീം ബെന്‍സേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍. 

ആദ്യ പകുതിയില്‍ തന്നെ ബില്‍ബാവോ മുന്നിലെത്തി. 18ാം മിനിറ്റിലായിരുന്നു ഗാര്‍സിയയുടെ ആദ്യ ഗോള്‍. ഡാനി ഗാര്‍സിയയാണ് ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡാനിയുടെ ത്രൂബാള്‍ സ്വീകരിച്ച് റൗള്‍ ഗാര്‍സിയ റയല്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി വല കുലുക്കി. 38ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ പെനാല്‍റ്റിയിലൂടെയാണ് റൗള്‍ ഗാര്‍സിയ വലകുലുക്കിയത്. പ്രതിരോധതാരം ലൂകാസ് വാസ്‌ക്വെസ് മാര്‍ട്ടിനെസിന്റെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി റൗള്‍ ഗാര്‍സിയ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം പകുതിയില്‍ വിനീഷ്യസ്, ഫെഡറികോ വാല്‍വെര്‍ദെ എന്നിവരെ ഇറക്കിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. 73ാം മിനിറ്റില്‍ ബെന്‍സേമ ഒരു ഗോള്‍ത തിരിച്ചടിച്ചത് മാത്രമാണ് റയലിന്റെ ആശ്വാസം. കഴിഞ്ഞ ദിവസം റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബാഴ്‌സ ഫൈനലില്‍ കടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയികളെ തീരുമാനിച്ചു.

അന്റോയ്ന്‍ ഗ്രീസ്മാന്‍, ഫ്രാങ്കി ഡി യോങ് എന്നിവര്‍ പെനാല്‍റ്റി തുലച്ചെങ്കിലും ഒസ്മാന്‍ ഡെംബേല, മിര്‍ലേം പ്യാനിച്ച്, റിക്കി പുജ് എന്നിവര്‍ ലക്ഷ്യത്തിലെത്തിച്ചു. അദ്‌നാന്‍ ജാനുസാജ്, മികേല്‍ മെറീനോ എന്നിവര്‍ മാത്രമാണ് സോസിഡാഡിന് വേണ്ടി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 1.30നാണ് ഫൈനല്‍.

click me!