സീസണിലെ ആദ്യ എല്‍ ക്ലാസികോ ഇന്ന്; ബാഴ്‌സയുടെ ഗ്രൗണ്ടില്‍ റയല്‍

By Web TeamFirst Published Oct 24, 2020, 12:04 PM IST
Highlights

ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി 10ാം സ്ഥാനത്താണ് ബാഴ്‌സ. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡിന് മൂന്ന് ജയമുണ്ട്.

ബാഴ്‌സലോണ: സീസണിലെ ആദ്യ എല്‍ ക്ലാസികോ മത്സരം ഇന്ന് നടക്കും. ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാംപ് നൂവില്‍ റയല്‍ മാഡ്രിഡ് വിരുന്നുകാരായെത്തും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30നാണ് മത്സരം. അത്ര മികച്ച തുടക്കമല്ല റയലിനും ബാഴ്‌സയ്ക്കു സീസണില്‍ ലഭിച്ചത്. ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി 10ാം സ്ഥാനത്താണ് ബാഴ്‌സ. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ മാഡ്രിഡിന് മൂന്ന് ജയമുണ്ട്. മൂന്നാം സ്ഥാനത്താണ് നിലവിലെ ചാംപ്യന്മാര്‍. ലീഗിലെ അവസാന മത്സരത്തില്‍ ഇരുവരും പരാജയപ്പെട്ടിരുന്നു. 

ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെയും അന്റോണിയോ ഗ്രീസ്മാന്റെയും ഫോമാണ് ബാഴ്‌സയെ കുഴപ്പിക്കുന്നത്. ഇരുവര്‍ക്കും ഇതുവരെ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. മെസി ഈ സീസണില്‍ പെനാല്‍ട്ടിയിലൂടെ മാത്രമാണ് ഇതുവരെ ഗോള്‍ നേടിയത്. അന്‍സു ഫാറ്റിയുടെ പ്രകടനത്തിലാണ് കോച്ച് റൊണാള്‍ഡ് കൂമാന്റെ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗിലാണ് ബാഴ്‌സ അവസാനമായി കളിച്ചത്. ഫെറന്‍വറോസിനെതിരായ മത്സരത്തില്‍ ബാഴ്‌സ 5-1ന് ജയിച്ചിരുന്നു.

ബാഴ്‌സയേക്കാള്‍ പതിതാപകരമാണ് റയലിന്റെ അവസ്ഥ. ചാംപ്യന്‍സ് ലീഗില്‍ നടന്ന അവസാന മത്സരത്തില്‍ അവര്‍ ഉക്രേനിയന്‍ ക്ലബ് ഷക്തര്‍ ഡൊണെക്‌സിനോട് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ തോല്‍വി. അവരുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ലാ ലിഗയില്‍ കാഡിസിനോട് 1-0ത്തിനും ടീം പരാജയപ്പെട്ടു. പരിക്കിന്റെ പിടിയിലായ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇന്ന് കളിക്കുമോ എന്നുള്ളതും സംശയമാണ്. എന്നാല്‍ താരം കളത്തിലിറങ്ങുമെന്നാണ് കോച്ച് സിനദിന്‍ സിദാന്‍ അഭിപ്രായപ്പെട്ടത്.

click me!