
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണികിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു ആഴ്സണല്‍. സീസണില്‍ 18 കളികളില്‍ പരാജയം അറിയാതെയെത്തിയ ബയേണിനെ സ്വന്തം മൈതാനത്ത് ആഴ്‌സണല്‍ തോല്‍പ്പിക്കുകയായിരുന്നു. ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍, നോനി മഡുവേകെ, മാര്‍ട്ടിനല്ലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ലെന്നാര്‍ട്ട് കാള്‍ ആണ് ബയേണിന്റെ ആശ്വാസ ഗോള്‍ നേടിയത്. അതേസമയം, പിഎസ്ജി ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്സ്പറിനെ 5 -3 ന് തകര്‍ത്തു. സ്വന്തം തട്ടകത്തില്‍ വിറ്റീനിയയുടെ ഹാട്രിക് മികവില്‍ ആണ് ഫ്രഞ്ച് വമ്പന്മാര്‍ ജയിച്ചത്. കരിയറിലെ ആദ്യ ഹാട്രിക്കാണ് വിറ്റീനി സ്വന്തമാക്കിയത്.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി ലിവര്‍പൂള്‍. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മൈതാനത്ത് പിഎസ്‌വിയോട് 4 - 1 ന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ പെനാല്‍ട്ടി വഴങ്ങി. വാന്‍ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യം കണ്ട ഇവാന്‍ പെരിസിച് ആണ് ഡച്ച് ടീമിനു മത്സരത്തില്‍ മുന്‍തൂക്കം നല്‍കിയത്. തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ പതിമൂന്നാം സ്ഥാനത്തായി ലിവര്‍പൂള്‍.
ഗ്രീക്ക് ചാമ്പ്യന്മാര്‍ ആയ ഒളിമ്പ്യാകാസ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്നു റയല്‍ മാഡ്രിഡ്. നാലു ഗോളുകളും ആയി തിളങ്ങിയ കിലിയന്‍ എംബപ്പെയാണ് മാഡ്രിഡിനു 4 - 3 ന്റെ ത്രില്ലര്‍ ജയം സമ്മാനിച്ചത്. ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കും റയല്‍ ഉയര്‍ന്നു. എട്ടാം മിനിറ്റില്‍ പിറകില്‍ പോയ റയലിന് എംബാപയുടെ ഹാട്രിക്കാണ് രക്ഷയായത്. ഇതുവരെ പരാജയം അറിയാതിരുന്ന ഇന്റര്‍ മിലാനെ 2-1 നു തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്.
സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ അല്‍വാരസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തില്‍ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 54 മത്തെ മിനിറ്റില്‍ സെലിന്‍സ്‌കിയുടെ ഗോളില്‍ ഇന്റര്‍ സമനില പിടിച്ചു. ഇഞ്ച്വറി ടൈമില്‍ ഹോസെ ഹിമനസ് നേടിയ ഗോളാണ് അത്‌ലറ്റികോക്ക് ജയം സമ്മാനിച്ചത്.