
മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയുമായി ഏറ്റുമുട്ടും. ബയേണിന്റെ തട്ടകത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ലിവര്‍പൂളിന്റെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയാണ് ഫ്രഞ്ച് ചാമ്പ്യന്മാരുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് എല്ലാ മത്സരങ്ങളും തുടങ്ങുക.
റയല്‍ മാഡ്രിഡിന് ജയം
യുവേഫ ചാന്പ്യന്‍സ് ലീഗിന് ആവേശത്തുടക്കം. കരുത്തരായ റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, ടോട്ടനം എന്നിവര്‍ ജയിച്ചു തുടങ്ങി. 8 ഗോളുകള്‍ പിറന്ന യുവന്റസ് - ഡോര്‍ട്ട്മുണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും നാല് ഗോളുകള്‍ വീതം നേടി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിലാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ആദ്യജയം നേടിയത്. ഫ്രഞ്ച് ക്ലബ്ബ് മാര്‍സെയ്‌ലിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിരിക്കെയാണ് എംബാപ്പെയിലൂടെ കരുത്തുറ്റ തിരിച്ചുവരവ്.
അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. വിയ്യാറയലിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ടോട്ടനം ജയം നേടി. മറ്റൊരു മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാറാബാഗ് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.