റയല്‍ മാഡ്രിഡില്‍ സിദാനെ മറികടന്ന്‌ ബെല്ലിംഗ്‌ഹാമിന്റെ കുതിപ്പ്‌, സിദാന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഗോളിനോട്‌ മത്സരിക്കാന്‍ ബെല്ലിംഗ്‌ഹാമിന്റെ ഗോള്‍

Published : Nov 26, 2026, 09:43 PM IST
zidane, jude Bellingham

Synopsis

ജൂഡ്‌ ബെല്ലിംഗ്‌ഹാമിനെ റയലിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനോട്‌ താരതമ്യം ചെയ്യാന്‍ തുടങ്ങി. റയലില്‍ സിദാന്‍ ധരിച്ചിരുന്ന അഞ്ചാം നമ്പര്‍ ജഴ്‌സിതന്നെയാണ്‌ ബെല്ലിംഗ്‌ഹാമും ഉപയോഗിക്കുന്നത്‌. അവിടെ തന്നെ ബെല്ലിംഗ്‌ഹാം സിദാന്റെ പിന്‍ഗാമിയായി മാറുന്നു.

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ സ്‌പാനിഷ്‌ കരുത്തരായ റയല്‍ മാഡ്രിഡ്‌ ഡച്ച്‌ ക്ലബ്ബായ പി എസ്‌ വി ഐന്തോവനെതിരെ പിറകില്‍ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ്‌ നടത്തുന്നു, 5-1 മാര്‍ജിനില്‍ മത്സരം പൂര്‍ത്തിയാക്കുന്നു. രണ്ടാം വരവില്‍ മാനേജര്‍ ഹൊസെ മൗറീഞ്ഞോയുടെ കീഴില്‍ റയല്‍ മാഡ്രിഡ്‌ നേടിയ ഏറ്റവും മികച്ച ജയങ്ങളിലൊന്ന്‌. ആദ്യ പകുതിയില്‍ ഒരു ഗോളിന്‌ പിറകില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ അഞ്ച്‌ ഗോളുകള്‍ തിരിച്ചടിച്ച്‌ റയല്‍ അവരുടെ അപ്രമാദിത്വം പ്രഖ്യാപിച്ച മത്സരം.

ഈയൊരു റിസള്‍ട്ട്‌ സാധ്യമാക്കിയത്‌, രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍ ജൂഡ്‌ ബെല്ലിംഗ്‌ഹാമാണ്‌. 45 മിനുട്ട്‌ മാത്രം കളിച്ച ബെല്ലിംഗ്‌ഹാം ഒരു എണ്ണം പറഞ്ഞ ഗോളും, വിനീഷ്യസ്‌ ജൂനിയറിന്റെ ഗോളിന്‌ അസിസ്‌റ്റും ചെയ്‌തു. അവിടെയും അവസാനിക്കുന്നില്ല ബെല്ലീംഗ്‌ഹാമിന്റെ മികവ്‌. 38 പാസുകളാണ്‌ പിഴവുകളില്ലാതെ ബെല്ലിംഗ്‌ഹാം പൂര്‍ത്തിയാക്കിയത്‌.

ഇത്രയുമായതോടെ, ജൂഡ്‌ ബെല്ലിംഗ്‌ഹാമിനെ റയലിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനോട്‌ താരതമ്യം ചെയ്യാന്‍ തുടങ്ങി. റയലില്‍ സിദാന്‍ ധരിച്ചിരുന്ന അഞ്ചാം നമ്പര്‍ ജഴ്‌സിതന്നെയാണ്‌ ബെല്ലിംഗ്‌ഹാമും ഉപയോഗിക്കുന്നത്‌. അവിടെ തന്നെ ബെല്ലിംഗ്‌ഹാം സിദാന്റെ പിന്‍ഗാമിയായി മാറുന്നു. അറുപതാം മിനുട്ടില്‍ ഐന്തോവന്റെ വലയിലേക്ക്‌ ഇംഗ്ലീഷ്‌ താരം തൊടുത്തുവിട്ട മനോഹരമായ ഗോളാണ്‌ സിദാനോടുള്ള താരതമ്യത്തിന്‌ പ്രധാന കാരണം.

ബോക്‌സിന്‌ പുറത്ത്‌ നിന്ന്‌ പന്ത്‌ കാലില്‍ നിയന്ത്രിച്ച്‌ ഒരു വോളിക്ക്‌ വേണ്ടി ഉയര്‍ത്തിയ ശേഷം ബെല്ലിംഗ്‌ഹാം ബൂട്ടിന്റെ പുറംഭാഗം കൊണ്ട്‌ പന്ത്‌ വലയിലേക്ക്‌ ഗോളിക്ക്‌ തൊടാന്‍ പോലും സാധിക്കാത്ത വിധം വലയിലേക്ക്‌ താഴ്‌ത്തിയിറക്കിയപ്പോള്‍ അതൊരു വിസ്‌മയക്കാഴ്‌ചയായി. മത്സരം കാണാനുണ്ടായിരുന്ന ടെന്നിസ്‌ ഇതിഹാസം വണ്ടര്‍ ഗോള്‍ കണ്ട്‌ അതിശയിച്ചു. ഒപ്പം ഫുട്‌ബോള്‍ ലോകവും. 2002 ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബ്‌ ബയെര്‍ ലെവര്‍കൂസന്റെ വലയിലേക്ക്‌ സിദാന്‍ ഇടത്‌ കാല്‍ കൊണ്ട്‌ തൊടുത്തുവിട്ട ചരിത്രപ്രസിദ്ധമായ വോളി ഗോളിനോടാണ്‌ ബെല്ലിംഗ്‌ഹാമിന്റെ ഗോളും താരതമ്യം ചെയ്യപ്പെടുന്നത്‌.

എന്നാല്‍, സിദാനുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ്‌ ബെല്ലിംഗ്‌ഹാം പറയുന്നത്‌. സിദാന്‍ തന്നെക്കാള്‍ എത്രയോ മികച്ച പ്ലെയറാണ്‌, അദ്ദേഹം തന്റെ ഐക്കണ്‍ ആണ്‌ - ഇംഗ്ലീഷ്‌ താരം പ്രതികരിച്ചു. അതേസമയം, റയലില്‍ സിദാന്റെയും ബെല്ലിംഗ്‌ഹാമിന്റെയും സ്റ്റാറ്റിസ്റ്റിക്‌സ്‌ താരതമ്യം ചെയ്‌താല്‍ ബെല്ലിംഗ്‌ഹാം സിദാനെ കടത്തിവെട്ടുമെന്ന്‌ പറയേണ്ടി വരും. സിദാനേക്കാള്‍ എഴുപതിലധികം മത്സരങ്ങള്‍ കുറച്ച്‌ കളിച്ചിട്ടും ബെല്ലിംഗ്‌ഹാം ഇതിനോടകം സിദാന്റെ ഗോള്‍ റെക്കോര്‍ഡുകള്‍ മറികടന്ന്‌ കഴിഞ്ഞു.

സിദാന്‍ തന്റെ ഇരുപത്തൊമ്പതാം വയസിലാണ്‌ റയല്‍ മാഡ്രിഡില്‍ എത്തിയതെങ്കില്‍, ബെല്ലിംഗ്‌ഹാം ഇരുപതാം വയസില്‍ റയലിലെത്തുകയും ഇരുപത്തിമൂന്നാം വയസില്‍ സിദാന്റെ ഗോള്‍ നേട്ടങ്ങള്‍ പിറകിലാക്കുകയും ചെയ്‌തു. 2023-24 അരങ്ങേറ്റ സീസണില്‍ തന്നെ റയലിനായി 23 ഗോളുകളും 13 അസിസ്‌റ്റുകളുമായി ബെല്ലിംഗ്‌ഹാം തിളങ്ങി. റയലില്‍ സിദാന്റെ മികച്ച സീസണ്‍ പന്ത്രണ്ട്‌ ഗോളുകള്‍ സ്‌കോര്‍ ചെയ്‌ത 2001-02 ആയിരുന്നു. ക്ലാസിക്‌ പ്ലേമേക്കര്‍ എന്ന നിലയിലാണ്‌ സിദാന്‍ മത്സരം നിയന്ത്രിച്ചിരുന്നത്‌. ബെല്ലിംഗ്‌ഹാം ബോക്‌സ്‌ ടു ബോക്‌സ്‌ പ്ലെയറാണ്‌. ആ നിലക്ക്‌ ഗോള്‍ സ്‌കോറിംഗ്‌ സാധ്യത ബെല്ലിംഗ്‌ഹാമിന്‌ കൂടുതലാണ്‌. പന്ത്‌ വരുതിയിലാക്കി മത്സരത്തിന്റെ വേഗത തന്നെ തന്റെ കാല്‍ചുവട്ടിലാക്കുന്ന സിദാന്‍ ദ്രുതഗതിയില്‍ മത്സരത്തിന്റെ വേഗത വര്‍ധിപ്പിക്കും. അതായിരുന്നു സിദാന്‍ മാജിക്‌. അതുകൊണ്ടാണ്‌ തന്നെ സിദാനുമായി താരതമ്യം ചെയ്യരുതെന്ന്‌ ബെല്ലിംഗ്‌ഹാം പറയുന്നത്‌.

റയല്‍മാഡ്രിഡ്‌ കോച്ച്‌ മൗറീഞ്ഞോ ഐന്തോവനെതിരെ നേടിയ വിജയത്തിന്റെ ക്രെഡിറ്റ്‌ ബെല്ലിംഗ്‌ഹാമിനാണ്‌ നല്‍കുന്നത്‌. ഗ്രൗണ്ടില്‍ ബെല്ലിംഗ്‌ഹാമിന്റെ സാന്നിധ്യമാണ്‌ മത്സരഗതി മാറ്റിയത്‌. പന്ത്‌ നിയന്ത്രിക്കുന്നതിലും മത്സരം വരുതിയിലാക്കുന്നതിലും റയലിനെ തുണച്ചത്‌ ബെല്ലിംഗ്‌ഹാമാണ്‌. അയാള്‍ നേടിയ ഗോളും മികച്ചതായിരുന്നുവെന്ന്‌ മൗറീഞ്ഞോ വിലയിരുത്തി.

സിദാനെപ്പോലെ കളിക്കളത്തില്‍ എല്ലാം തികഞ്ഞ താരമായി ഇരുപത്തിമൂന്നാം വയസില്‍ തന്നെ ബെല്ലിംഗ്‌ഹാം മാറിക്കഴിഞ്ഞു എന്നാണ്‌ ഫുട്‌ബോള്‍ ലോകത്തിന്റെ പൊതു വിലയിരുത്തല്‍. ബെല്ലിംഗ്‌ഹാമിന്‌ 2031 വരെയുള്ള പുതിയ കരാര്‍ നല്‍കാന്‍ റയല്‍ മാഡ്രിഡ്‌ തയ്യാറെടുക്കുകയാണ്‌. ഇത്‌ നടന്നാല്‍, ലോകഫുട്‌ബോളിലെ ഉയര്‍ന്ന വേതനം വാങ്ങുന്ന താരമായി ബെല്ലിംഗ്‌ഹാം മാറും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പിലെ പിഴവ്‌ ആത്മവിശ്വാസം നഷ്ടമാക്കി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ താരത്തെ ഇപ്പോഴും അത്‌ വേട്ടയാടുന്നു, ഇതിഹാസതാരത്തിന്റെ നിരീക്ഷണം
സഡന്‍ ഡെത്തില്‍ മലപ്പുറത്തെ വീഴ്‌ത്തി; കണ്ണൂരിന്റെ സെമി ടിക്കറ്റ്‌ തൃശൂരിന്റെ കൈയ്യില്‍