
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുംഗ് ബൂട്ടിയ കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങുന്നു. കൊച്ചിയിലും കോഴിക്കോട്ടുമാണ് അടുത്തവർഷം അക്കാദമി ആരംഭിക്കുക. മലയാളികളുടെ ഫുട്ബോൾ പ്രേമം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് കൊച്ചിയിലെത്തിയ ബൈച്ചുംഗ് ബൂട്ടിയ പറഞ്ഞു.
ഇന്ത്യൻ ഫുട്ബോളിനെ ദീർഘകാലം നയിച്ച ബൈച്ചുംഗ് ബൂട്ടിയയുടെ നേതൃത്വത്തിൽ രാജ്യത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ഫുട്ബോൾ അക്കാദമിയാണ് കേരളത്തിലേത്. കഴിഞ്ഞ വർഷം ഡൽഹിയിലാണ് ആദ്യ ഫുട്ബോൾ അക്കാദമിയ്ക്ക് തുടക്കം കുറിച്ചത്. ഈ അക്കാദമിയിലെ 10 പേർ മലയാളികളാണ്. മലയാളി വിദ്യാർത്ഥികളുടെ ഫുട്ബോളിനോടുള്ള ഈ താത്പര്യമാണ് ബൂട്ടിയയെ കേരളത്തിൽ അക്കാദമി തുടങ്ങാൻ പ്രേരിപ്പിച്ചത്.
അക്കാദമി തുടങ്ങുന്നതിന്‍റെ ഭാഗമായി ഡിസംബർ ഒന്നിന് മഹാരാജാസ് കോളേജിലും ഡിസംബർ 8ന് കോഴിക്കോട് മെഡിക്കൽ കോളേജിലും സെലക്ഷൻ ക്യാംപ് നടത്തും. 5 മുതൽ 16 വയ്യസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അക്കാദമിയിൽ പ്രവേശനം നേടാനാവും. ഇന്ത്യയിൽ ഫുട്ബോൾ അനുദിനം വളർന്നുകൊണ്ടിരിക്കിക്കുയാണെന്നും പുതിയ തലമുറയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും ബൈച്ചുംഗ് ബൂട്ടിയ പറഞ്ഞു.
കേരളത്തിലെ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങളിൽ നിലന്പൂരിലെ പീവീസ് പബ്ലിക്ക് സ്കൂളും ഭാഗമാകും. ഇന്ത്യയിൽ 20 നഗരങ്ങളിലായി 68 ട്രെയിനിംഗ് സെന്‍ററുകളാണ് ബൂട്ടിയയുടെ നേതൃത്വത്തിൽ നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!