
റിയാദ്: കഴിഞ്ഞ രണ്ട് മാസത്തെ ഫുട്‌ബോള്‍ ഉത്സവത്തിന് തിരശീലയിട്ട് റിയാദ് കെഎംസിസി. ഗ്രാന്റ്- റയാന്‍ സൂപ്പര്‍ കപ്പില്‍ അറബ് ഡ്രീംസ് ബ്ലാക് ആന്റ് വൈറ്റ് റെയിന്‍മ്പോ എഫ് സി മുത്തമിട്ടു. ദിറാബ് ദുറത്ത് മലാബ് സ്റ്റേഡിയത്തില്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്‌ളാക്ക് ആന്റ് വൈറ്റ് റെയിന്‍മ്പോ എഫ് സി സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ബ്ലാക് ആന്റ് വൈറ്റ് റെയിന്‍മ്പോ എഫ് സിയുടെ വിജയം ആധികാരികമായിരുന്നു.
മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ ബ്ലാക് ആന്റ് വൈറ്റിന്റെ സംഘടിതമായ നീക്കത്തിനൊടുവില്‍ വലത് മൂലയില്‍ നിന്ന് മുന്നേറ്റനിര താരം ജംഷീര്‍ തൊടുത്തുവിട്ട അതിമനോഹരമായ ഷോട്ട് യൂത്ത് ഇന്ത്യ എഫ് സി യുടെ ഗോള്‍ കീപ്പറെ മറികടന്ന് പോസ്റ്റില്‍ വിശ്രമിച്ചു. ഗോള്‍ നേടിയ ആവേശത്തില്‍ ഇരച്ചു കേറിയ ബ്‌ളാക്ക് ആന്റ് വൈറ്റ് താരങ്ങള്‍ നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുപതാം മിനിറ്റില്‍ പെനാല്‍റ്റി കൂടി ലഭിക്കുകയും മുഹമ്മദ് റാഫി ഗോളാക്കുകയും ചെയ്തു. (20). ആദ്യ പകുതി അവസാനിക്കുവാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ യൂത്ത് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരം ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ ആരംഭത്തില്‍ ഇരു ഗോള്‍ മുഖത്തും നിരവധി ഗോള്‍ അവസരങ്ങള്‍ കണ്ടെങ്കിലും അത് മുതലാക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല. കളിയുടെ അന്‍പത്തി അഞ്ചാം മിനിറ്റില്‍ ഒരു പെനാല്‍റ്റി കൂടി ബ്‌ളാക്ക് ആന്റ് വൈറ്റിന് അനുകൂലമായി കിട്ടിയെങ്കിലും അത് ഗോളാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശിവദാസനിലൂടെ മൂന്നാം ഗോള്‍ നേടി ബ്‌ളാക്ക് ആന്റ് വൈറ്റ് കിരീടനേട്ടം ഉറപ്പിച്ചു. അറുപത്തി മൂന്നാം മിനിറ്റില്‍ ബസാം യൂത്ത് ഇന്ത്യക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.
ബ്‌ളാക്ക് ആന്റ് വൈറ്റ് റെയിന്‍മ്പോ എഫ് സിയുടെ ജംഷീറാണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുരസ്‌കാരം കൈമാറി. ഫൈനല്‍ മത്സര ചടങ്ങുകള്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. റാന്യസഭാ അംഗവും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ ഹാരിസ് ബീരാന്‍ എം പി, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു എന്നിവര്‍ പ്രസംഗിച്ചു.
വിജയികളായ ബ്‌ളാക്ക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സിക്കുള്ള കിരീടം അഡ്വ. പി എം എ സലാം, രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം പി, കമാല്‍ വരദൂര്‍ റയാന്‍ പോളിക്ലിനിക്ക് എം ഡി മുഷ്ത്താഖ് മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് കൈമാറി. റണ്ണറപ്പായ യൂത്ത് ഇന്ത്യ സോക്കറിനുള്ള ട്രോഫി, അഡ്വ ഹാരിസ് ബീരാന്‍ എം പി, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ നല്‍കി. വിജയികള്‍ക്കുള്ള പ്രൈസ് മണി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, റണ്ണറപ്പായ ടീമിനുള്ള പ്രൈസ് മണി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവര്‍ കൈമാറി.
ടൂര്‍ണമെന്റിലെ മികച്ച ടീമായി അസീസിയ സോക്കര്‍
ബ്‌ളാക്ക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സി താരങ്ങളായ മുഹമ്മദ് റാഫി സൂപ്പര്‍ കപ്പിലെ മികച്ച കളിക്കാരനായും മുഹമ്മദ് സുഹൈല്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഇന്ത്യ സോക്കറിന്റെ നൗഫാനാണ് മികച്ച പ്രതിരോധനിര താരം. അസീസിയ സോക്കറിന്റെ മുഹമ്മദ് നിയാസ് ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി. ഇവര്‍ക്കുള്ള ട്രോഫികള്‍ യഥാക്രമം ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുജീബ് ഉപ്പട, അഡ്വ. അനീര്‍ ബാബു, ജലീല്‍ തിരൂര്‍ എന്നിവര്‍ കൈമാറി.