
കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ കാലിക്കറ്റ്, നാല് മത്സരങ്ങളിൽനിന്ന് 11 പോയന്റുമായി പട്ടികയുടെ തലപ്പത്ത് തുടരുന്നു. ഒരു മണിക്കൂറോളം പത്തുപേരുമായി കളിച്ചിട്ടും പ്രതിരോധത്തിലെ അച്ചടക്കവും പോരാട്ടവീര്യവും കൈവിടാതെയാണ് കാലിക്കറ്റ് വിജയം പിടിച്ചെടുത്തത്. ഫെഡറിക്കോ ബുവാസോയുടെ ഗോളാണ് മത്സരത്തിൽ നിർണായകമായത്. നാല് മത്സരങ്ങളിൽ ഏഴ് പോയന്റുള്ള കണ്ണൂർ വാരിയേഴ്‌സ് മൂന്നാം സ്ഥാനത്താണ്.
ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കളി താളം പിടിക്കുംമുമ്പേ കാലിക്കറ്റിന് ആദ്യ മാറ്റം വേണ്ടിവന്നു. 11-ാം മിനിറ്റിൽ ഡിഫൻഡർ അലക്സിസ് സോസ പരിക്കേറ്റ് മടങ്ങി. മുഹമ്മദ് റിയാസ് പകരക്കാരനായി ഇറങ്ങി. മാറ്റം കളിയുടെ ഒഴുക്കിനെ ബാധിക്കാതെ കാലിക്കറ്റ് പന്തടക്കത്തിലും സംഘടിത മുന്നേറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 15-ാം മിനിറ്റിൽ അതിന്റെ ഫലം കണ്ടു. ബോക്സിന് പുറത്തുനിന്ന് ഫെഡറിക്കോ ബുവാസോ തൊടുത്ത താഴ്ന്ന ഷോട്ട് കണ്ണൂരിന്റെ വലയിൽ. കാലിക്കറ്റ് 1–0ന് മുന്നിൽ.
31-ാം മിനിറ്റിൽ കളിയുടെ ഗതി വീണ്ടും മാറി. കണ്ണൂർ ക്യാപ്റ്റൻ എസിയർ ഗോമസിനെ ഫൗൾ ചെയ്ത മാനുവൽ അഗസ്റ്റിൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കാലിക്കറ്റ് പത്തുപേരായി ചുരുങ്ങി. ശേഷിച്ച സമയം ലീഡ് സംരക്ഷിക്കുകയെന്ന തന്ത്രപരമായ വെല്ലുവിളി ഏറ്റെടുത്ത കാലിക്കറ്റ് ആദ്യപകുതി 1–0 ലീഡിൽ അവസാനിപ്പിച്ചു.
സമനിലയ്ക്കായി ആക്രമണം ശക്തമാക്കുന്നതിനിടെ 55-ാം മിനിറ്റിൽ കണ്ണൂരിന് അനുകൂലമായി ഫ്രീകിക്ക്. വലതുവശത്തെ കോർണർ ഫ്ലാഗിന് സമീപത്തുനിന്ന് നിജോ ഗിൽബെർട്ട് പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ത്തിയിട്ടെങ്കിലും കണക്ട് ചെയ്യാൻ സഹതാരങ്ങളാരും എത്തിയില്ല. ഫിനിഷിങ്ങിലെ ഏകോപനമില്ലായ്മ അവസരം പാഴാക്കി. 60-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ മുഷറഫിലൂടെ കണ്ണൂരിന് വീണ്ടും അവസരം. പക്ഷെ, ഷോട്ട് പുറത്തേക്ക് പോയി.
കോസിച്ച് ഉൾപ്പെടെയുള്ള താരങ്ങളെ പകരക്കാരായി ഇറക്കി ആക്രമണത്തിന് മൂർച്ച കൂട്ടിയ കണ്ണൂർ സമനിലയ്ക്കായി അവസാനംവരെ പൊരുതിയെങ്കിലും കാലിക്കറ്റിന്റെ ഉറച്ച പ്രതിരോധം ഭേദിക്കാനായില്ല. ഒരു ഗോളിന്റെ ലീഡ് കാത്തുസൂക്ഷിച്ച കാലിക്കറ്റ് വിജയവുമായി കളം വിട്ടു. 11008 കാണികൾ മത്സരം കാണാൻ ഗ്യാലറിയിൽ എത്തി.
അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (ഒക്ടോബർ 23) തിരുവനന്തപുരം കൊമ്പൻസ് എഫ്സി, തൃശൂർ മാജിക് എഫ്സിയുമായി മത്സരിക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!