കോപ്പയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല: ബഹിഷ്‌കരണ നീക്കവുമായി ബ്രസീല്‍ താരങ്ങള്‍ മുന്നോട്ട്

By Web TeamFirst Published Jun 7, 2021, 10:42 AM IST
Highlights

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രസീൽ കോപ്പ അമേരിക്കയ്‌ക്ക് വേദിയാവുന്നതിനാലാണ് താരങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ബ്രസീൽ താരങ്ങൾ. ബുധനാഴ്‌ച പരാഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് നായകന്‍ കാസിമിറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രസീൽ കോപ്പ അമേരിക്കയ്‌ക്ക് വേദിയാവുന്നതിനാലാണ് താരങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മത്സരവേദിയായ അർജന്റീനയെ അവസാന നിമിഷം മാറ്റിയത് കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ്. ഇതേ സാഹചര്യമാണ് ബ്രസീലിൽ നിലനിൽക്കുന്നതെന്ന് താരങ്ങൾ വാദിക്കുന്നു. ബുധനാഴ്‌ച പരാഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ നിലപാട് വ്യക്തമാക്കുക. 

താരങ്ങളെ അനുനയിപ്പിക്കാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. കോപ്പയിൽ പങ്കെടുക്കില്ലെന്ന താരങ്ങളുടെ തീരുമാനം ബ്രസീലിയൻ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധമാണെന്നും ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിനെതിരെയുള്ള പോരാട്ടമാണെന്നും വിലയിരുത്തലുകളുണ്ട്. ഈ പശ്ചാത്തലത്തിൽ താരങ്ങൾ നിലപാട് വ്യക്തമാക്കി പ്രസ്‌താവന പുറത്തിറക്കും. താരങ്ങളുടെയും ജനങ്ങളുടേയും ആരോഗ്യ സുരക്ഷ മാത്രമാണ് പരിഗണിക്കുന്നതെന്നും ഇതിൽ രാഷ്‌ട്രീയം കലർത്തേണ്ടെന്നുമാണ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കുക. 

കൊളംബിയ, ഉറുഗ്വേ ടീമുകളിലെ താരങ്ങളും ബ്രസീലിയൻ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതേസമയം, താരങ്ങളുടെ എതിർപ്പുണ്ടെങ്കിലും ടൂർണമെന്റുമായി മുന്നോട്ടുപോകുമെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. 

ഈ മാസം പതിമൂന്നിനാണ് കോപ്പ അമേരിക്കയ്‌ക്ക് ബ്രസീലിൽ തുടക്കമാവേണ്ടത്. അ‍ർജന്റീനയും കൊളംബിയയുമായിരുന്നു മുന്‍ നിശ്ചയിച്ച വേദികൾ. എന്നാല്‍ കൊളംബിയയിലെ ആഭ്യന്തര പ്രശ്നങ്ങളും അർജന്റീനയിലെ കൊവിഡ് വ്യാപനവും കോപ്പയുടെ വേദി അവസാന നിമിഷം മാറ്റാൻ കാരണമായി. ഇതോടെ പകരം വേദിയായി ബ്രസീലിനെ കോൺമെബോൾ തെരഞ്ഞെടുക്കുകയായിരുന്നു. ബ്രസീലാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 

കോപ്പ അമേരിക്ക സ്വന്തം മണ്ണില്‍; ബ്രസീല്‍ താരങ്ങള്‍ക്കെല്ലാം എതിര്‍പ്പെന്ന് കാസിമിറോ

കോപ്പ അമേരിക്കയ്ക്ക് ആതിഥ്യമരുളുന്നതിൽ ബ്രസീൽ താരങ്ങൾക്ക് എതിർ‌പ്പുണ്ടെന്ന് ടിറ്റെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!