ബ്രസീലിയന്‍ ക്ലബ്ബ് ബോട്ടഫോഗോയും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും കൈകോര്‍ക്കുന്നു

Published : Jun 19, 2025, 12:36 PM IST
Kombans FC

Synopsis

തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, ബ്രസീലിലെ ബോട്ടഫോഗോ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹകരണം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം കൊമ്പന്‍സിന് അന്താരാഷ്ട്ര പരിശീലന രീതികളിലേക്കും മറ്റ് ആഗോള അവസരങ്ങളിലേക്കും വാതില്‍ തുറക്കും.

തിരുവനന്തപുരം. തിരുവനന്തപുരം കൊമ്പന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ്, ബ്രസീലിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബോട്ടഫോഗോയുമായി കൈകോര്‍ക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനെതിരെ 21ന് നേടിയ ഉജ്ജ്വല വിജയത്തിന്‍റെ ആവേശത്തില്‍, കൊമ്പന്‍സ്, ബോട്ടഫോഗോയുമായി ഓണ്‍ലൈനായി നടപ്പാക്കിയ പങ്കാളിത്തത്തിലൂടെ ഒരുസഹോദര ക്ലബ്ബ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേരളത്തിലെ, പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ ഫുട്‌ബോള്‍ വികസനത്തിന് കുതിപ്പേകുന്ന വമ്പന്‍ പദ്ധതികളാണ് ഇരു ടീമുകളും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്.

പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ ബ്രസീലില്‍ നിന്നുള്ള വിദേശതാരങ്ങളെ മാതരം ടീമിലെടുത്ത് സെമിഫൈനല്‍ വരെയെത്തിയ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും ബോട്ടഫോഗോയുമായുള്ള സഹകരണം, കൊമ്പന്‍സിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. കൊമ്പന്‍സ് എഫ്‌സിയുടെ, അതിവേഗം വളരുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ക്ക് ബ്രസീലിയന്‍ ഫുട്‌ബോളിന്‍റെ കളിമികവും വിദഗ്ധ പരിശീലനരീതികളും പകര്‍ന്നു നല്‍കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

കൂടാതെ, ഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്‍റെ ശൃംഖലയിലേക്കുള്ള പ്രവേശനവും കൊമ്പന്‍സിന് ഇതിലൂടെ തുറന്നുകിട്ടും. ഇതില്‍ ഒളിമ്പിക് ലിയോണൈസ് (ഫ്രാന്‍സ്), ക്രിസ്റ്റല്‍ പാലസ് (ഇംഗ്ലണ്ട്), ആര്‍ഡബ്ല്യുഡി മോളന്‍ബീക്ക് (ബെല്‍ജിയം) എന്നിവ ഉള്‍പ്പെടുന്നു. ഫുട്‌ബോളിന് അതിശക്തമായ വേരുകളുള്ള ബ്രസീലില്‍ നിന്നുള്ള ബോട്ടഫോഗോയുമായുള്ള സഹകരണം,കൊമ്പന്‍സ് എഫ്‌സിയുടെ ഫുട്‌ബോള്‍ പദ്ധതികള്‍ക്ക് കരുത്തേകുമെന്നും തിരുവനന്തപുരത്തെ തീരദേശ മേഖലയിലെ ശക്തമായ ഫുട്‌ബോള്‍ അടിത്തറ പ്രയോജനപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇരു ക്ലബ്ബുകളിലെയും മാനേജ്‌മെന്റുകള്‍ പങ്കെടുത്ത വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ ആഴ്ച ആദ്യം നടന്ന ഓണ്‍ലൈന്‍ ഒപ്പുവെക്കല്‍ ചടങ്ങിലൂടെയാണ് ഈ പങ്കാളിത്തത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്.

'കൊമ്പന്‍സ് എഫ്‌സിയുമായി ഈ പങ്കാളിത്തം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,' ബോട്ടഫോഗോ സിഇഒ തൈറോ അറൂഡ പറഞ്ഞു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്. ഇത് വെറും ഫുട്‌ബോള്‍ മാത്രമല്ല; ഇന്ത്യ പോലുള്ള പുതിയ ദേശങ്ങളില്‍ ഫുട്‌ബോള്‍ വളര്‍ത്തുന്നതിനും സാംസ്‌കാരിക ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. കേരളത്തിന് ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ കേന്ദ്രമായി മാറാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.' അറൂഡ കൂട്ടിച്ചേര്‍ത്തു.

'ബോട്ടഫോഗോയുമായുള്ള ഈ പങ്കാളിത്തം,കേരളത്തിലെ യുവതീയുവാക്കള്‍ക്ക് ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ അനുഭവം നല്‍കുക എന്ന ഞങ്ങളുടെ ദൗത്യം നിറവേറ്റുന്നതിലുള്ള ഒരു പ്രധാന നാഴികക്കല്ലാണ്,' കൊമ്പന്‍സ് എഫ്‌സി മാനേജിംഗ് ഡയറക്ടര്‍ കെ.സി. ചന്ദ്രഹാസന്‍ പറഞ്ഞു. 'ബോട്ടഫോഗോയുടെ ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രചാരണവുമായി ഇതിനെ ബന്ധിപ്പിക്കുന്നത്, കൊമ്പന്‍സിലൂടെ അടിസ്ഥാനതല ഫുട്‌ബോള്‍ വികസനം ത്വരിതപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പങ്കാളിത്തത്തിന്റെ പ്രധാന സവിശേഷതകള്‍:

  • സാങ്കേതിക സഹകരണം:ബോട്ടഫോഗോയുടെ പരിശീലന രീതികള്‍, യുവാക്കള്‍ക്കായുള്ള വികസന പരിപാടികള്‍, ഘട്ടം ഘട്ടമായുള്ള അന്താരാഷ്ട്ര അക്കാദമിക് പിന്തുണ എന്നിവയിലേക്ക് കൊമ്പന്‍സ് എഫ്‌സിക്ക് പ്രവേശനം ലഭിക്കും.
  • ആഗോള തലത്തിലുള്ള അവസരങ്ങള്‍:ഈ പങ്കാളിത്തം, ഒളിമ്പിക് ലിയോണൈസ് (ഫ്രാന്‍സ്), ക്രിസ്റ്റല്‍ പാലസ് (ഇംഗ്ലണ്ട്), ആര്‍ഡബ്ല്യുഡി മോളന്‍ബീക്ക് (ബെല്‍ജിയം) എന്നിവ ഉള്‍പ്പെടുന്ന ഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ മള്‍ട്ടിക്ലബ് ശൃംഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നുകാട്ടുന്നു.
  • അടിസ്ഥാനതല വികസനം: തിരുവനന്തപുരത്തെ10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള 500ലധികം കുട്ടികളെഉള്‍പ്പെടുത്തി കൊമ്പന്‍സ് എഫ്‌സി അടുത്തിടെ സംഘടിപ്പിച്ച സോക്കര്‍ സമ്മര്‍ സ്‌കൂളിന്റെ ചുവടുപിടിച്ച്, സ്‌കൂള്‍, കമ്മ്യൂണിറ്റി, സിഎസ്ആര്‍ അധിഷ്ഠിത ഫുട്‌ബോള്‍ സംരംഭങ്ങള്‍ക്ക് ഈ സഹകരണം ഗുണകരമാകും.
  • കമ്മ്യൂണിറ്റി അധിഷ്ഠിത ഫുട്‌ബോള്‍ വികസനം:ഈ വര്‍ഷം തന്നെ കൊമ്പന്‍സും ബോട്ടഫോഗോയും സംയുക്തമായിഅഞ്ച് ദിവസത്തെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഇതിനെത്തുടര്‍ന്ന് പ്രാദേശിക സ്‌കൂള്‍ ലീഗുകള്‍, കോര്‍പ്പറേറ്റ് ഫുട്‌ബോള്‍ മത്സരങ്ങള്‍, ഡിജിറ്റല്‍ പഠന, പരിശീലന പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.
  • കളിക്കാരുടെയും പരിശീലകരുടെയും വികസനം:എസ്എല്‍കെ ഉള്‍പ്പെടെയുള്ള ഭാവിയിലെ ടൂര്‍ണ്ണമെന്റുകളില്‍ കൊമ്പന്‍സിന്റെ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ഫിഫ ക്ലബ്ബ് ലോകകപ്പുമായുള്ള തന്ത്രപരമായ ബന്ധം.

ബോട്ടഫോഗോയുടെ പങ്കാളിത്തവുംസമീപകാലത്തെ ആദ്യ മത്സര വിജയവും ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ല്‍കൊമ്പന്‍സിന് വിവിധ മേഖലകളില്‍ ഗുണകരമാകും. നൈപുണ്യ വികസനത്തിന് നല്‍കുന്ന സംഭാവനകള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍, സ്‌കൂള്‍ കേന്ദ്രീകൃത പ്രചാരണങ്ങള്‍ എന്നിവയിലൂടെ തിരുവനന്തപുരത്തെ ഫുട്‌ബോള്‍ ആരാധകരുമായി സംവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇരു ക്ലബ്ബുകളും സംയുക്തമായി ആസൂത്രണം ചെയ്യും.

ഈ വര്‍ഷം അവസാന പകുതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നഫുട്‌ബോള്‍ പരിശീലന ക്യാമ്പ്, ഓണ്‍ലൈന്‍ സ്‌കൂള്‍ പ്രോഗ്രാമുകള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദമായ ഷെഡ്യൂള്‍കൊമ്പന്‍സ് എഫ്‌സിയും ബോട്ടഫോഗോയും ഉടന്‍ പ്രഖ്യാപിക്കും. 1904ല്‍ സ്ഥാപിതമായ ബോട്ടഫോഗോ 2024ലെ ബ്രസീലിയന്‍ നാഷണല്‍ ലീഗ് ചാമ്പ്യൻമാരാണ്. ഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്‍റെ ഭാഗമായി, കളിമികവും അന്താരാഷ്ട്ര സഹകരണവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ഒളിമ്പിക് ലിയോണൈസ്, ക്രിസ്റ്റല്‍ പാലസ്, ആര്‍ഡബ്ല്യുഡി മോളന്‍ബീക്ക് തുടങ്ങിയ ക്ലബ്ബുകള്‍ക്കൊപ്പം ആഗോളതലത്തില്‍ സാന്നിധ്യം വികസിപ്പിക്കുകയാണ് ബോട്ടഫോഗോ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ