
ആംസ്റ്റർഡാം: സ്പാനിഷ് ഇതിഹാസവും മുൻ ബാഴ്സലോണ പരിശീലകനുമായ സാവി ഹെർണാണ്ടസിനെ നെതർലൻഡ്സ് ഫുട്ബോള്‍ ടീമിന്‍റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. 48 വര്‍ഷത്തോശം സ്വദേശി പരിശീലകരെ മാത്രം വിശ്വസിച്ചിരുന്ന ഡച്ച് ബെഞ്ചിലേക്ക് എത്തുന്ന രണ്ടാമത്തെ മാത്രം വിദേശ പരിശീലകനാണ് 46-കാരനായ സാവി. 1978-ൽ ഓസ്ട്രിയൻ പരിശീലകൻ ഏണസ്റ്റ് ഹാപ്പലിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ പരിശീലകൻ ഡച്ച് ടീമിന്‍റെ അമരത്തെത്തുന്നത്.
ലോകകപ്പിലെ റൗണ്ട് ഓഫ് 32-ൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ മുൻ പരിശീലകൻ റൊണാൾഡ് കൂമാൻ രാജി വെച്ചിരുന്നു. തുടർന്നാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ 2030 ലോകകപ്പ് വരെയുള്ള കരാറിൽ സാവിയെ പരിശീലകനായി നിയമിച്ചത്. സെപ്റ്റംബർ 24-ന് യുവേഫ നേഷൻസ് ലീഗിൽ ജർമനിക്കെതിരായ സൂപ്പർ പോരാട്ടത്തിലാണ് സാവിയുടെ ആദ്യ പരീക്ഷണം.
കൂമാന്‍റെ പ്രതിരോധത്തിലൂന്നിയ തന്ത്രങ്ങളിൽ നിന്ന് മാറി പന്തിൻമേൽ ആധിപത്യം സ്ഥാപിക്കുന്ന ആക്രമണാത്മക ശൈലിയിലേക്ക് ടീമിനെ നയിക്കുകയാണ് സാവിയുടെ ലക്ഷ്യം. കളിക്കാരനെന്ന നിലയിൽ ബാഴ്സലോണയ്ക്കും സ്പെയിനിനുമായി ലോകകപ്പും യൂറോ കപ്പും ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടങ്ങൾ നേടിയ സാവി, യോഹാൻ ക്രൈഫിന്‍റെ ഡച്ച് ഫുട്ബോൾ തത്ത്വചിന്തകളുടെ കടുത്ത ആരാധകനുമാണ്.
ഖത്തർ ക്ലബ്ബായ അൽ സദ്ദിലൂടെ പരിശീലക കരിയർ ആരംഭിച്ച സാവി ടീമിന് ഏഴ് കിരീടങ്ങൾ സമ്മാനിച്ചു. തുടർന്ന് 2021-ൽ പ്രതിസന്ധിയിലായിരുന്ന ബാഴ്സലോണയുടെ ചുമതലയേറ്റെടുത്ത് 2022-23 സീസണിൽ ലാ ലിഗ കിരീടവും നേടിക്കൊടുത്തു. പെഡ്രി, ഗാവി, ലാമിൻ യമാൽ തുടങ്ങിയ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാവി, 2024-ൽ ബാഴ്സ വിട്ട ശേഷം ആദ്യമായാണ് വീണ്ടും ഒരു ടീമിന്‍റെ പരിശീലകനായി തിരിച്ചെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!