പരിക്കുമൂലം നായകൻ കിലിയൻ എംബാപ്പെയില്ലാതെയാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഫ്രാൻസിനായി.
ബ്രസല്‍സ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പുതിയ പരിശീലകൻ സിനദിൻ സിദാന്‍റെ കീഴിൽ ഫ്രാൻസിന് തുടർച്ചയായ രണ്ടാം വിജയം. ബ്രസെൽസിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് ബെൽജിയത്തെ പരാജയപ്പെടുത്തിയത്. കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയ മൈക്കൽ ഒലീസെ നേടിയ തകർപ്പൻ ഗോളാണ് ഫ്രാൻസിന് നിർണായക വിജയം സമ്മാനിച്ചത്.
പരിക്കുമൂലം നായകൻ കിലിയൻ എംബാപ്പെയില്ലാതെയാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഫ്രാൻസിനായി. 77-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഒലീസെ, സ്വന്തം പകുതിയിൽ നിന്ന് പന്തുമായി മുന്നേറി 88-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോംഗ് റേഞ്ചർ ബെൽജിയൻ ഗോൾകീപ്പർ സെനെ ലാംമെൻസിനെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. ജയത്തോടെ രണ്ടു കളികളിൽ നിന്ന് ആറ് പോയിന്‍റോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
തുര്‍ക്കിയെ തുരത്തി ഇറ്റലി
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇറ്റലി ഒന്നിനെതിരെ നാല് ഗോളുകൾക്ക് തുർക്കിയെ തകർത്തുവിട്ടു. ആദ്യ മത്സരത്തിൽ ബെൽജിയത്തോടേറ്റ തോൽവിക്ക് ശേഷമുള്ള ഇറ്റലിയുടെ ശക്തമായ തിരിച്ചുവരവാണിത്. കനത്ത മഴയിൽ ബുർസയിൽ നടന്ന മത്സരത്തിന്‍റെ ആദ്യ 30 മിനിറ്റിൽ തന്നെ മൂന്ന് ഗോളുകൾ നേടി ഇറ്റലി ആധിപത്യം ഉറപ്പിച്ചു. അലസാന്ദ്രോ ബസ്റ്റോണി, ഡേവിഡ് ഫ്രറ്റേസി, മൈക്കൽ ഖയോഡെ, പിയോ എസ്പോസിറ്റോ എന്നിവരാണ് ഇറ്റലിക്കായി വലകുലുക്കിയത്. ബാരിഷ് യിൽമാസ് തുർക്കിയുടെ ആശ്വാസ ഗോൾ നേടി. മത്സരത്തിൽ സഹോദരങ്ങളായ പിയോ എസ്പോസിറ്റോയും സെബാസ്റ്റ്യാനോ എസ്പോസിറ്റോയും ഇറ്റലിക്കായി ഒരുമിച്ച് ആദ്യ ഇലവനിൽ അണിനിരന്ന് ചരിത്ര നേട്ടവും കുറിച്ചു.
മറ്റു മത്സരങ്ങളില്‍ സ്വീഡൻ 3-1 ന് പോളണ്ടിനെയും ബോസ്നിയ ഹെർസഗോവിന 4-2 ന് റൊമാനിയയെയും പരാജയപ്പെടുത്തി. നോർത്തേൺ അയർലൻഡ് - ഹംഗറി മത്സരവും (0-0), ജോർജിയ - ഉക്രെയ്ൻ പോരാട്ടവും (0-0) സമനിലയിൽ അവസാനിച്ചു. മോണ്ടെനെഗ്രോ 3-2 ന് അർമേനിയയെ തോൽപ്പിച്ചപ്പോൾ ലാത്വിയ - സൈപ്രസ് മത്സരം (0-0) സമനിലയിൽ അവസാനിച്ചു.
