
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മലബാര്‍ ഡെര്‍ബിയില്‍ ഇതുവരെ ജയിച്ചത് കാലിക്കറ്റ് എഫ് സിയാണ്. ഫുട്‌ബോള്‍ പെരുമയുള്ള മലപ്പുറത്തിന്റെ സ്വന്തം ടീം മലപ്പുറം എഫ് സി ആ ചരിത്രം ഇത്തവണ തിരുത്തുമോ? ഒക്ടോബര്‍ രണ്ടിന് കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ എസ് എല്‍ കെ മൂന്നാം സീസണിലെ ആദ്യ മലബാര്‍ ഡെര്‍ബി അരങ്ങേറാനിരിക്കെ ആവേശം വാനോളമാണ്. മത്സരം വൈകീട്ട് 7.30ന്.
കാലിക്കറ്റ് എഫ്‌സിയും മലപ്പുറം എഫ് സിയും നേര്‍ക്കുനേര്‍ വന്നതിന്റെ ചരിത്രമെടുത്താല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും മലപ്പുറത്തിന് ആശ്വസിക്കാന്‍ വകയില്ല. ആകെ നാല് മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നിലും കാലിക്കറ്റ് ജയിച്ചു. കഴിഞ്ഞ സീസണില്‍ ആറ് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ 3-3ന് സമനില പിടിച്ചത് മാത്രമാണ് മലപ്പുറത്തിന് ഉയര്‍ത്തിപ്പിടിക്കാനുള്ളത്.
സീസണില്‍ മികച്ച ഫോമിലാണ് കാലിക്കറ്റ് എഫ് സി. ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാലിക്കറ്റ് എഫ് സി തകര്‍ത്തിരുന്നു. പ്രതിരോധത്തിനൊപ്പം ആക്രമിക്കുകയും ചെയ്യുന്ന ശൈലിയാണ് കാലിക്കറ്റ് എഫ് സി കോച്ച് എവര്‍ അഡ്രിയാനോ ഡിമാള്‍ഡോ പയറ്റുന്നത്. മുന്‍കാല ചരിത്രത്തി്‌ന പ്രാധാന്യമില്ലെന്നും ഓരോ മത്സരവും ഓരോ ചരിത്രമാണെന്നും അഡ്രിയാനോ പറഞ്ഞു.
മലപ്പുറം എഫ് സിക്ക് തന്ത്രമൊരുക്കുന്നത് മൊറോക്കന്‍ പരിശീലകന്‍ കരീം ബെഞ്ചരിഫയാണ്. ആദ്യ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് തോറ്റിരുന്നു മലപ്പുറം. ശക്തമായൊരു തിരിച്ചുവരവാണ് ടീം ലക്ഷ്യമിടുന്നതെന്നും ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ആരാധകക്കൂട്ടമാണ് മലബാര്‍ ഡെര്‍ബിയുടെ പ്രത്യേകതയെന്നും കരീം ബെഞ്ചരിഫ പറഞ്ഞു.
റിജോയുടെ മരണം ടീമിനെ ആകെ ഉലച്ചിരുന്നുവെന്ന് കാലിക്കറ്റ് എഫ് സി ക്യാപ്‌റ്റന്‍ പ്രശാന്ത് പറഞ്ഞു. എന്നാല്‍, കോച്ച് അഡ്രിയാനോ ടീമിന് നല്‍കിയ പ്രചോദനമാണ് കാലിക്കറ്റ് എഫ് സിയെ ഉണര്‍ത്തിയതെന്ന് പ്രശാന്ത് വ്യക്തമാക്കി. നമുക്ക് വേണമെങ്കില്‍ ദുഖിച്ചിരിക്കാം, അല്ലെങ്കില്‍ പോരാടാം. സഹതാരത്തിന് വേണ്ടി ഗ്രൗണ്ടില്‍ പോരാടാനാണ് കാലിക്കറ്റിന്റെ താരങ്ങള്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!