കേപ് വെര്‍ദെ നോക്കൗട്ടില്‍ അര്‍ജന്റീനക്കെതിരെ; സ്‌പെയ്‌നിനോട് തോറ്റ് ഉറുഗ്വെ പുറത്ത്, സൗദിക്കും മടങ്ങാം

Published : Jun 27, 2026, 08:13 AM IST
Cabo Verde vs Saudi Arabia

Synopsis

ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌നിനോട് തോറ്റതോടെ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ലോകകപ്പില്‍ നിന്ന് പുറത്തായി. സൗദി അറേബ്യയുമായി സമനില വഴങ്ങിയ കന്നിക്കാരായ കേപ് വെര്‍ദെ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. നോക്കൗട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളി.

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ആദ്യ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് മുമ്പ് രണ്ട് വര്‍ഷം ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ പുറത്തായത്. അതേസമയം, ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെ അവസാന 32ല്‍ ഇടം പിടിച്ചു. ഗ്രൂപ്പില്‍ സൗദി അറേബ്യക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഉറുഗ്വെയ്‌ക്കൊപ്പം സൗദിയും പ്രാഥമിക റൗണ്ടില്‍ പുറത്തായി. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും.

ഉറുഗ്വെയ്‌ക്കെതിരെ 47-ാം മിനിറ്റില്‍ അലക്‌സ് ബയേന നേടിയ ഗോളാണ് സ്‌പെയ്‌നിന് ജയമൊരുക്കിയത്. യഥാര്‍ത്ഥത്തില്‍ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ പിഴവായിരുന്നു അത്. ബയേനയുടെ ദുര്‍ബലമായ ഒരു ഷോട്ട് തടഞ്ഞിടുന്നതില്‍ മുസ്ലേര പരാജയപ്പെട്ടു. കയ്യില്‍ നിന്ന് വഴുതി വീണ പന്ത് ഗോള്‍വര കടക്കുകയായിരുന്നു. പിന്നാലെ രണ്ടാം പാതിയില്‍ ഉറുഗ്വെ ഗോള്‍ കീപ്പറെ മാറ്റിയെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല. സ്പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സൈമണിന്റെ തകര്‍പ്പന്‍ സേവുകള്‍ ഉറുഗ്വെയുടെ സമനില മോഹങ്ങള്‍ക്ക് തടസ്സമായി.

മത്സരത്തിന്റെ അവസാന നിമിഷം അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഉറുഗ്വെയുടെ നിരാശ ഇരട്ടിയാക്കി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലും നേടാനാകാതെയാണ് ഉറുഗ്വെ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.

ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന കേപ് വെര്‍ദെ തങ്ങളുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞാണ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കുതിച്ചത്. സൗദി അറേബ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ മികച്ച പ്രതിരോധമാണ് അവര്‍ കാഴ്ചവെച്ചത്. ലാരോസ് ഡുവാര്‍ട്ടെക്ക് ലഭിച്ച സുവര്‍ണ്ണാവസരം സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടുത്തില്ലായിരുന്നെങ്കില്‍ കേപ് വേര്‍ഡ് ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കുമായിരുന്നു. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി സ്‌പെയിന്‍ ഒന്നാമതെത്തി. മൂന്ന് പോയിന്റുമായി കേപ് വേര്‍ഡ് രണ്ടാമതെത്തിയപ്പോള്‍, ഉറുഗ്വെയും സൗദിയും രണ്ട് പോയിന്റുകള്‍ വീതം നേടി പുറത്തായി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിമര്‍ശകരുടെ വായടപ്പിച്ച് ഡെംബലേ! നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്; ഫ്രാന്‍സിന് ജയം, ഗ്രൂപ്പ് ചാമ്പ്യന്മാര്‍
സ്‌കോട്ട്ലന്‍ഡിനെതിരായ ഗോള്‍ നിഷേധം, റഫറിക്കെതിരെ പരാതിയുമായി ബ്രസീല്‍; ഫിഫയെ സമീപിച്ചു