Champions League : മറ്റൊരു ദുരന്തം കൂടി താങ്ങാനാവില്ല, ബാഴ്‌സയ്ക്ക് ജീവന്മരണ പോരാട്ടം; ഇന്ന് ബയേണിനെതിരെ

By Web TeamFirst Published Dec 8, 2021, 1:58 PM IST
Highlights

കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിലെ ദുരന്തത്തിന് ശേഷം ഈ സീസണില്‍ ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ തോല്‍വി. ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലെങ്കിലും ബയേണിന് മുന്നിലെത്തുമ്പോള്‍ ജയമല്ലാതെ ബാഴ്‌സലോണയ്ക്ക് മറ്റൊരു ലക്ഷ്യമില്ല.

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) ഇന്ന് ബാഴ്‌സലോണയ്ക്ക് (Barcelona) ജീവന്മരണ പോരാട്ടം. കരുത്തരായ ബയേണ്‍ മ്യൂണിക്കിനെയാണ് (Bayern Munich) ബാഴ്‌സലോണ നേരിടുക. കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലിലെ ദുരന്തത്തിന് ശേഷം ഈ സീസണില്‍ ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ തോല്‍വി. ഓര്‍ക്കാന്‍ നല്ലതൊന്നുമില്ലെങ്കിലും ബയേണിന് മുന്നിലെത്തുമ്പോള്‍ ജയമല്ലാതെ ബാഴ്‌സലോണയ്ക്ക് മറ്റൊരു ലക്ഷ്യമില്ല.

സമനിലയോ തോല്‍വിയോയെങ്കില്‍ ബെന്‍ഫിക്ക, ഡൈനാമോ കീവ് മത്സരഫലത്തെ ആശ്രയിച്ചിരിക്കും മുന്‍ ചാംപ്യന്മാരുടെ വിധി. മത്സരം ബയേണിന്റെ  മൈതാനത്താണെന്നതും സാവിയുടെ ബാഴ്‌സയ്ക്ക് തിരിച്ചടി. രാത്രി 1.30നാണ് കളി തുടങ്ങുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, യുവന്റസ്, ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.

പുതിയ പരിശീലകന്‍ റാല്‍ഫ് റാഗ്‌നിക്കിന് കീഴില്‍ ആദ്യ ചാംപ്യന്‍സ് ലീഗ് പോരിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നത്. യങ് ബോയ്‌സിനെതിരെ സ്വന്തം തട്ടകത്തില്‍ ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധ്യത ഇനിയും അവസാനിച്ചിട്ടില്ലാത്ത വിയ്യാറയലും അറ്റലാന്‍ഡയും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു മത്സരം.

ഗ്രൂപ്പ് എച്ചില്‍ നിന്ന് അവസാന 16ല്‍ സ്ഥാനമുറപ്പിച്ചെങ്കിലും ചെല്‍സി, യുവന്റസ് ടീമുകളില്‍ ആരാകും ഗ്രൂപ്പ് ചാംപ്യന്മാരെന്ന് ഇന്നറിയാം. നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്ക് സെനിത്തും യുവന്റസിന് മാല്‍മോയുമാണ് എതിരാളികള്‍. രണ്ട് മത്സരവും രാത്രി 11.15നാണ്. 

ഗ്രൂപ്പ് ജിയില്‍ ലില്ലെ, ആര്‍ബി സാല്‍സ്‌ബെര്‍ഗ്, സെവിയ്യ, വോള്‍വ്‌സ്‌ബെര്‍ഗ് ടീമുകള്‍ക്കെല്ലാം പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവസാന മത്സരം നിര്‍ണായകം. സെവിയ സാല്‍സ്‌ബെര്‍ഗിനെയും ലില്ലെ, വോള്‍വ്‌സ്‌ബെര്‍ഗിനെയും നേരിടും. മത്സരങ്ങള്‍ രാത്രി 1.30ന് തുടങ്ങും.

ഇതുവരെ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂര്‍, അയാക്‌സ്, റയല്‍ മാഡ്രിഡ്, ബയേണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ട് റൗണ്ടില്‍ കടന്നിട്ടുണ്ട്.  യുവന്റസ്, ചെല്‍സി, പിഎസ്ജി, സ്‌പോര്‍ടിംഗ് ലിസ്ബണ്‍, അത്‌ലറ്റികോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി. എസി മിലാന്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, എഫ്‌സി പോര്‍ട്ടോ എന്നിവരാണ് പുറത്തായ പ്രമുഖര്‍.

click me!