UCL : മിന്നും ജയവുമായി പിഎസ്‌ജി; പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലിയോണല്‍ മെസി; എംബാപ്പേയ്‌ക്കും ചരിത്ര നേട്ടം

By Web TeamFirst Published Dec 8, 2021, 8:28 AM IST
Highlights

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോർഡ് മറികടന്ന് ലിയണൽ മെസി

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ (UEFA Champions League 2021-22) ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഗെയ്ക്കെതിരെ (Club Brugge) പിഎസ്‌ജിയ്ക്ക് (PSG) തകര്‍പ്പന്‍ ജയം. 2, 7 മിനുറ്റുകളില്‍ കിലിയന്‍ എംബാപ്പേയുടെ ഗോളുകളില്‍ മേധാവിത്വം കാട്ടിത്തുടങ്ങിയാണ് മിന്നും ജയം പിഎസ്‌ജി സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്‌ജിയുടെ ജയഭേരി. കിലിയന്‍ എംബാപ്പേയും (Kylian Mbappe) ലിയോണല്‍ മെസിയും (Lionel Messi) ഇരട്ട ഗോളുകൾ നേടി. മാട്ടസ് റിട്ട്സാണ് (Mats Rits) ബ്രൂഗെയുടെ ആശ്വാസ ഗോൾ വലയിലാക്കിയത്. 

ജയത്തോടെ 11 പോയിന്‍റുമായി പിഎസ്‌ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. മാഞ്ചസ്റ്റർ സിറ്റി ആണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. പിഎസ്‌ജി നേരത്തേ നോക്കൗട്ട് റൗണ്ടിൽ കടന്നിരുന്നു. 

പെലെയെ മറികടന്ന് മെസി

ഇരട്ട ഗോളോടെ പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോർഡ് മറികടക്കാന്‍ ലിയോണൽ മെസിക്കായി. 757 ഗോൾ നേടിയ പെലെയെ മറികടന്ന മെസിക്ക് ഇപ്പോൾ 758 ഗോളായി. 801 ഗോൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടയിൽ മെസിക്ക് മുന്നിലുള്ളത്. ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടിയ താരം എന്നീ പട്ടികകളിലും പെലെയുടെ റെക്കോർഡുകള്‍ മെസി ഈ വർഷം മറികടന്നിരുന്നു. 

പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് മെസി ഈ വർഷം നേടുന്ന പതിനാറാമത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഈ വർഷം ഇത്തരത്തില്‍ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും മെസിയാണ്.

മെസിയെ മറികടന്ന് എംബാപ്പേ

ക്ലബ് ബ്രൂഗെയ്ക്കെതിരായ മത്സരത്തിൽ മെസി, പെലെയുടെ റെക്കോർഡ് മറികടന്നപ്പോൾ കിലിയൻ എംബാപ്പേ മെസിയുടെ ഒരു റെക്കോർഡ് തകർത്തു. ചാമ്പ്യൻസ് ലീഗിൽ 30 ഗോൾ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് എംബാപ്പേ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ 31 ഗോൾ നേടുമ്പോൾ 22 വയസും 352 ദിവസവുമാണ് എംബാപ്പേയുടെ പ്രായം. 2010ൽ 30 ഗോൾ നേടുമ്പോൾ 23 വയസും 131 ദിവസവുമായിരുന്നു മെസിയുടെ പ്രായം. 

ചാമ്പ്യൻസ് ലീഗിൽ 50 ഗോളിൽ പങ്കാളിയാവാനും ഇരട്ട ഗോളോടെ എംബാപ്പേയ്ക്ക് കഴിഞ്ഞു. 31 ഗോളും 19 അസിസ്റ്റുമാണ് ചാമ്പ്യൻസ് ലീഗിൽ എംബാപ്പേയുടെ പേരിനൊപ്പമുള്ളത്.

Ashes : ആഷസ് പോര് തുടങ്ങി, ഓസീസ് മിന്നലാക്രമണത്തില്‍ തല തകര്‍ന്ന് ഇംഗ്ലണ്ട്; ഗാബയില്‍ ബാറ്റിംഗ് ദുരന്തം

click me!