ഇനി ശ്രദ്ധ പ്രതിരോധം കെട്ടിപ്പടുക്കാന്‍; റൊണാൾഡോയെ സ്വന്തമാക്കാനുളള ശ്രമം ചെൽസി ഉപേക്ഷിച്ചു?

By Jomit JoseFirst Published Jul 16, 2022, 10:10 AM IST
Highlights

മുപ്പത്തിയേഴുകാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ യുണൈറ്റഡുമായി കരാറുണ്ട്

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ(Man United) പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ(Cristiano Ronaldo) സ്വന്തമാക്കാനുളള ശ്രമം ഉപേക്ഷിച്ചതായി സൂചിപ്പിച്ച് ചെൽസി(Chelsea FC). സിറ്റി താരമായിരുന്ന റഹീം സ്റ്റെര്‍ലിംഗിനെ സ്വന്തമാക്കിയതോടെ പ്രതിരോധത്തിൽ ശ്രദ്ധിക്കാനാണ് തീരുമാനമെന്ന് പരിശീലകന്‍ തോമസ് ടുഷേൽ(Thomas Tuchel) അറിയിച്ചു. 

സൗദി ക്ലബിൽ നിന്നുള്ള വമ്പന്‍ ഓഫര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ തള്ളിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റൊണാൾഡോയെ വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സൗദി ക്ലബ് മുപ്പത് ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തത് എന്നാണ് പ്രമുഖ കായിക വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തത്. മാഞ്ചസ്റ്റര്‍ ക്രിസ്റ്റ്യാനോയ്ക്കിട്ട വിലയുടെ ഇരട്ടിയാണിത്. രണ്ട് വര്‍ഷത്തെ കരാറായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക് സൗദി ക്ലബിന്‍റെ ഓഫർ. ഈ രണ്ട് വർഷം ശമ്പളമായി 275 ദശലക്ഷം യൂറോ നൽകാമെന്നും സൗദി ക്ലബ് വാഗ്ദാനം ചെയ്തിരുന്നതായി ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുപ്പത്തിയേഴുകാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ യുണൈറ്റഡുമായി കരാറുണ്ട്. എന്നാല്‍ ക്ലബ് മാറാന്‍ താരം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ സീസണ്‍ സമ്മാനിച്ചത് കനത്ത നിരാശയായിരുന്നു. യുണൈറ്റഡിന് ഒരു കിരീടം പോലും സമ്മാനിക്കാനായില്ലെന്ന് മാത്രമല്ല, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും ടീമിന് നഷ്ടമായി. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതും പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് റൊണാൾഡോയെ ടീം വിടാൻ പ്രേരിപ്പിക്കുന്നത്. 

ക്രിസ്റ്റ്യൻ എറിക്സണ്‍ മാ‌ഞ്ചസ്റ്റർ യുണൈറ്റഡില്‍ 

അതേസമയം ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണെ മാ‌ഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ബ്രെന്റ് ഫോർഡിൽ നിന്ന് ഫ്രീ ഏജന്റായാണ് എറിക്സൺ യുണൈറ്റഡിൽ എത്തുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് എറിക്സൺ. അയാക്സ്, ടോട്ടനം, ഇന്റർ മിലാൻ ക്ലബുകളിൽ കളിച്ചിട്ടുള്ള എറിക്സൺ യൂറോ കപ്പിനിലെ കുഴഞ്ഞുവീണ് വാർത്തകളിൽ ഇടംനേടിയിരുന്നു.

റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ പുതുക്കിയതും ട്രാന്‍സ്‌ഫ‍ര്‍ ലോകത്തുനിന്നുള്ള വാ‍ര്‍ത്തയാണ്. രണ്ടുവർഷത്തേക്കാണ് കരാർ. ഇതോടെ മുപ്പത്തിയൊന്നുകാരനായ മെഹറസ് 2025വരെ സിറ്റിയിൽ തുടരും. 2018ലാണ് മെഹറസ് സിറ്റിയിലെത്തിയത്. സിറ്റിയുടെ മൂന്ന് പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ക്ലബിനായി 189 കളിയിൽ 83 ഗോളും 45 അസിസ്റ്റും സ്വന്തമാക്കി. ബ്രസീലിയൻ താരം റഫീഞ്ഞയെ എഫ് സി ബാഴ്സലോണ ഔദ്യോഗികമായി അവതരിപ്പിച്ചു. ലീഡ്സ് യുണൈറ്റഡിൽ നിന്നാണ് ബാഴ്സലോണ റഫീഞ്ഞയെ സ്വന്തമാക്കിയത്. 65 ദശലക്ഷം യൂറോയാണ് ട്രാൻസ്ഫർ തുക. ബാഴ്സലോണയിൽ എത്തിയതോടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് സഫലമായതെന്ന് റഫീഞ്ഞ പറഞ്ഞു.

രണ്ട് വർഷം, 275 ദശലക്ഷം യൂറോ! സൗദി ക്ലബിന്‍റെ ഹിമാലയന്‍ ഓഫ‍ര്‍ റൊണാള്‍ഡോ തള്ളി- റിപ്പോര്‍ട്ട്

click me!