റൊണാൾഡോയെ വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സൗദി ക്ലബ് മുപ്പത് ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തത് എന്നും റിപ്പോര്‍ട്ട്
മാഞ്ചസ്റ്റര്‍: സൗദി ക്ലബിൽ നിന്നുള്ള വമ്പന്‍ ഓഫര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ(Man United) പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(Cristiano Ronaldo) തള്ളിയതായി റിപ്പോര്‍ട്ടുകൾ. റൊണാൾഡോയെ വിട്ടുനല്‍കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സൗദി ക്ലബ് മുപ്പത് ദശലക്ഷം യൂറോയാണ് വാഗ്ദാനം ചെയ്തത് എന്നാണ് പ്രമുഖ കായിക വെബ്‌സൈറ്റായ ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ ക്രിസ്റ്റ്യാനോയ്ക്കിട്ട വിലയുടെ ഇരട്ടിയാണിത്.
രണ്ട് വര്‍ഷത്തെ കരാറാണ് ക്രിസ്റ്റ്യാനോയ്ക്ക് സൗദി ക്ലബിന്‍റെ ഓഫർ. ഈ രണ്ട് വർഷം ശമ്പളമായി 275 ദശലക്ഷം യൂറോ നൽകാമെന്നും സൗദി ക്ലബിന്‍റെ വാഗ്ദാനമുണ്ട് എന്നും ഇഎസ്‌പിഎന്നിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുപ്പത്തിയേഴുകാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടുത്ത വര്‍ഷം ജൂണ്‍ വരെ യുണൈറ്റഡുമായി കരാറുണ്ട്. എന്നാല്‍ ക്ലബ് മാറാന്‍ താരം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ സീസണ്‍ സമ്മാനിച്ചത് കനത്ത നിരാശയായിരുന്നു. യുണൈറ്റഡിന് ഒരു കിരീടം പോലും സമ്മാനിക്കാനായില്ലെന്ന് മാത്രമല്ല, ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും ടീമിന് നഷ്ടമായി. യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതും പുതിയ സീസണിലേക്ക് മികച്ച താരങ്ങളെ സ്വന്തമാക്കാത്തതുമാണ് റൊണാൾഡോയെ ടീം വിടാൻ പ്രേരിപ്പിക്കുന്നത്.
റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള തീരുമാനം പിഎസ്‍ജിയും ചെല്‍സിയും നേരത്തെതന്നെ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോ ഇപ്പോഴും ടീമിന്‍റെ പദ്ധതികളിലുണ്ടെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് പറയുന്നത്. റൊണാള്‍ഡോയെ വില്‍ക്കുന്ന കാര്യം തന്നെ ചിന്തയില്‍ ഇല്ല. എന്റെ ടീമില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണ് എന്നും എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു.
