
ബാഴ്സലോണ: റോബർട്ട് ലെവൻഡോവ്സ്‍കിയെ(Robert Lewadowski) സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ(Barcelona FC) നീക്കങ്ങൾക്ക് വെല്ലുവിളിയായി ചെൽസിയും(Chelsea FC) പിഎസ്‍ജിയും(PSG). ഇരുടീമും പോളണ്ട് താരത്തിനായി നീക്കം ശക്തമാക്കി.
ബയേൺ മ്യൂണിക്കിന്‍റെ ഗോളടിയന്ത്രമായ റോബർട്ട് ലെവൻഡോവ്സ്‍കി അടുത്ത സീസണിൽ എവിടെ കളിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ഒരുവർഷ കരാർ ബാക്കിയുണ്ടെങ്കിലും ബാഴ്സലോണയിലേക്ക് ചേക്കേറാൻ അനുവദിക്കണമെന്ന് ലെവൻഡോവ്സ്‍കി ബയേൺ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബയേൺ ഇതെല്ലാം നിരസിക്കുകയായിരുന്നു. ലിവർപൂളിൽ നിന്ന് സാദിയോ മാനേയെ സ്വന്തമാക്കിയതോടെ ഉയർന്ന വില കിട്ടിയാൽ ലെവൻഡോവ്സ്‍കിയെ കൈമാറാമെന്നാണിപ്പോൾ ബയേണിന്‍റെ നിലപാട്.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ബയേണ്‍ ആവശ്യപ്പെടുന്ന തുക നൽകാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. ലെവൻഡോവ്സ്‍കി ക്ഷമയോടെ കാത്തിരിക്കണമെന്ന് ബാഴ്സ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ട ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് പിഎസ്‍ജിയും ചെൽസിയും ലെവൻഡോവ്സ്‍കിയെ സ്വന്തമാക്കാൻ രംഗത്തെത്തിയത്. ഇന്‍റർ മിലാനിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പകരമാണ് ചെൽസി ബയേൺ സ്ട്രൈക്കറെ പരിഗണിക്കുന്നത്. പിഎസ്‍ജിയാവട്ടെ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാക്കാൻ ഏറ്റവും മികച്ച മുന്നേറ്റനിരയെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
ബാഴ്സലോണയുടെ ട്രാൻസ്ഫർ നീക്കം പരാജയപ്പെട്ടാൽ മാത്രമേ ചെൽസിക്കും പിഎസ്‍ജിക്കും ലെവൻഡോവ്സ്‍കിയെ സ്വന്തമാക്കാൻ കഴിയൂ എന്നുറപ്പാണ്. ക്രിസ്റ്റൻസെൻ, കെസീ എന്നിവരെ ടീമിലെത്തിച്ച ബാഴ്സലോണ റഫീഞ്ഞ, ലെവൻഡോസ്‌കി എന്നിവരെക്കൂടി ടീമിലെത്തിച്ച് ശക്തമായ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ്.
Football Transfer News : റൊണാൾഡോയെ വേണ്ടെന്ന് ചെൽസി കോച്ച്; ടുഷേലിന്‍റെ പ്ലാനില്‍ ഇവരൊക്കെ