Santosh Trophy : നേര്‍ക്കുനേര്‍ വരുന്നത് ഉറ്റ ചങ്ങാതിമാര്‍; ബിനോ ജോര്‍ജിന്റേയും ബിബി തോമസിന്റേയും കഥയിങ്ങനെ

By Web TeamFirst Published Apr 28, 2022, 9:05 AM IST
Highlights

കേരളത്തില്‍ സന്തോഷ് ട്രോഫി വീണ്ടുമെത്തിയപ്പോള്‍ കലാശപ്പോര് സ്വപ്നം കണ്ട് രണ്ട് സുഹൃത്തുക്കളും നേര്‍ക്കുനേര്‍ പോരിലേക്ക്. പരസ്പരം അറിയാവുന്ന സുഹൃത്തുക്കളെങ്കിലും സാഹചര്യത്തിനനുസരിച്ച് തന്ത്രം മെനയുമെന്നാണ് കേരള ടീം പരിശീലകന്‍ ബിനോ ജോര്‍ജ് വ്യക്തമാക്കി.

മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy) സെമി ഫൈനലില്‍ കേരളവും (Keralam) കര്‍ണാടകയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് രണ്ട് ഉറ്റസുഹൃത്തുക്കള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ്. കേരളാ പരിശീലകന്‍ ബിനോ ജോര്‍ജും (Bino George), കര്‍ണാടക ടീമിന്റെ കോച്ച് ബിബി തോമസും. തൃശൂരില്‍ ഒരേ പരിശീലകന് കീഴില്‍ കളിപഠിച്ച കൂട്ടുകാരാണ് ഇരുവരും. കോളേജ് ടീമിലും ഇരുവരും ഒന്നിച്ച് കളിച്ചു. 

കേരളത്തില്‍ സന്തോഷ് ട്രോഫി വീണ്ടുമെത്തിയപ്പോള്‍ കലാശപ്പോര് സ്വപ്നം കണ്ട് രണ്ട് സുഹൃത്തുക്കളും നേര്‍ക്കുനേര്‍ പോരിലേക്ക്. പരസ്പരം അറിയാവുന്ന സുഹൃത്തുക്കളെങ്കിലും സാഹചര്യത്തിനനുസരിച്ച് തന്ത്രം മെനയുമെന്നാണ് കേരള ടീം പരിശീലകന്‍ ബിനോ ജോര്‍ജ് വ്യക്തമാക്കി. കോച്ചിന്റെ വാക്കുകള്‍... ''എല്ലാ മത്സരങ്ങളും ഫൈനല്‍ പോലെയാണ് കാണുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കളിക്കാന്‍ സാധിക്കുക എന്നത് തന്നെ വലിയ പ്ലസ് പോയിന്റാണ്. 

മികച്ച രീതിയില്‍ തന്നെ കളിക്കുക എന്നതാണ് ലക്ഷ്യം. ടീമില്‍ ആര്‍ക്കും പരിക്കില്ല. നാല് ദിവസം ലഭിച്ച റെസ്റ്റ് ഗുണമായി. ചെറിയ പരിക്ക് ഉണ്ടായിരുന്ന താരങ്ങള്‍പോലും പൂര്‍ണഫിറ്റായി. ഇത്രയും അധികം വരുന്ന ആരാധകര്‍ക്കുമുന്നില്‍ കളിക്കുന്നത് യുവ താരങ്ങളില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടാക്കി. അത് സെമിയില്‍ മറികടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ. കര്‍ണാടക മികച്ച ടീമാണ്. ഒരുമിച്ച് ഒരു ടീമില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ കര്‍ണാടകന്‍ ടീമിലുണ്ട് അത് ടീമിന് ഗുണമാണ്.'' പരിശീലകന്‍ പറഞ്ഞു.

സൗഹൃദം കളിക്കളത്തിന് പുറത്താണെന്ന് കര്‍ണാടക പരിശീകനല്‍ ബിബി തോമസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ മികച്ച രീതിയില്‍ പോകുന്നു. ഇത് അയല്‍കാരും നാട്ടുകാരും തമ്മിലുള്ള പോരാട്ടം അല്ല. വിജയത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന്, അവസാന നിമിഷം വരെ പോരാടും. 

ടീം പൂര്‍ണഫിറ്റാണ്. കേരള ടീം മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. അര്‍ജുന്‍ ജയരാജും ക്യാപ്റ്റന്‍ ജിജോ ജോസഫും മികച്ച താരങ്ങളാണ്. കേരള പരിശീലകന്‍ ബിനോ ജോര്‍ജ്ജുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. എന്നാലത് കളത്തില്‍ പ്രതീക്ഷിക്കരുത്.'' ബിബി തോമസ് വ്യക്തമാക്കി.

click me!