
മഞ്ചേരി: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരളം (Kerala Football) ഇന്നിറങ്ങും. അയല്‍ക്കാരായ കര്‍ണാടകയാണ് (Karnataka) എതിരാളികള്‍. രാത്രി എട്ടരയ്ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലെത്തിയ ആത്മവിശ്വാസത്തിലാണ് കേരളം. 25-ാം സെമിപോരാട്ടത്തിനാണ് ആതിഥേയര്‍ ബൂട്ടുകെട്ടുന്നത്. ഗോളടിച്ച് മുന്നില്‍നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫില്‍ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.
ക്യാപ്റ്റന്‍ ഇതുവരെ നേടിയത് അഞ്ച് ഗോളുകള്‍. നിറഞ്ഞുകളിക്കുന്ന മധ്യനിരയിലും ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്ന പ്രതിരോധവും ടീമിന്റെ കരുത്ത്. 11 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ച കേരളം ടൂര്‍ണമെന്റില്‍ വഴങ്ങിയത് മൂന്ന് ഗോള്‍ മാത്രം. നാല് ദിവസം അവധി കിട്ടിയതും ടീമിന് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് കോച്ച് ബിനോ ജോര്‍ജ്. രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലിലെത്തിയതെങ്കിലും കര്‍ണാടകയെ എഴുതിത്തള്ളാനാവില്ല.
ഗുജറാത്തിനെ അവസാന മത്സരത്തില്‍ എതിരാത്ത നാല് ഗോളിന് തോല്‍പ്പിച്ചാണ് കര്‍ണാടക വരുന്നത്. കര്‍ണാടക ടീമിന്റെ പരിശീലകനും നാല് താരങ്ങളും മലയാളികളെന്നതും ശ്രദ്ധേയം. പതിവുപോലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറച്ച് കാണികളെത്തുമെന്നതില്‍ സംശയമില്ല.
പ്രാഥമിക റൗണ്ടില്‍ രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, പഞ്ചാബ് എന്നീ ടീമുകളെയാണ് കേരളം തോല്‍പ്പിച്ചത്. മേഘാലയയോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ആണ് കര്‍ണാടക സെമിക്ക് യോഗ്യത നേടിയത്. പരിശീലകന്‍ അടക്കം അഞ്ച് മലയാളി താരങ്ങള്‍ കര്‍ണാടക ടീമിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.